തിരുവനന്തപുരം: ആരോഗ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട നിയമന കോഴ കേസിൽ അഖിൽ മാത്യുവിനാണ് താൻ പണം കൈമാറിയതെന്ന് ഉറച്ച് പരാതിക്കാരൻ ഹരിദാസൻ. കണ്ടോൺമെൻറ് പൊലീസിനോടാണ് തന്റെ മൊഴി ആവർത്തിച്ചത്. സിസിടിവി ദൃശ്യങ്ങളിൽ നിന്നും ആൾമാറാട്ടം നടന്നോയെന്ന് സംശയം ഉയരുന്ന സാഹചര്യത്തിലും ഹരിദാസൻ മൊഴിയിൽ ഉറച്ച് നിൽക്കുകയാണ്. എന്നാൽ അന്വേഷണസംഘത്തിന്റെ നിഗമനം ഹരിദാസനും ബാസിതും ബോധപൂർവ്വം തെറ്റിദ്ധരിപ്പിക്കുന്നു എന്നാണ്.

ഒളിവിലുള്ള അഖിൽ സജീവനും ലെനിനും വേണ്ടി പൊലീസ് തിരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്. അഖിൽ സജീവൻ തമിഴ്നാട്ടിലേക്ക് കടന്നെന്നാണ് പൊലീസിന് കിട്ടുന്ന വിവരം. അഖിൽ മാത്യുവിനെതിരായ ആരോപണത്തിൽ ഇതുവരെ പൊലീസിന് തെളിവ് ലഭിച്ചിട്ടില്ല. ഈ സാഹചര്യത്തിൽ സംഭവത്തിൽ ആൾമാറാട്ടം നടന്നോയെന്നും പൊലീസ് അന്വേഷിക്കുകയാണ്.
നിയമനക്കോഴ ആരോപണത്തില്‍ മന്ത്രി വീണ ജോര്‍ജ്ജിന്‍റെ ഓഫീസ് പരിസരത്തെ സിസിടി ദൃശ്യങ്ങള്‍ പൊതുഭരണ വകുപ്പ് പൊലീസിന് കൈമാറിയിട്ടുണ്ട്. ആരോഗ്യ വകുപ്പിനെ പിടിച്ചുകുലുക്കിയ കോഴ ആരോപണത്തില്‍ നിര്‍ണായകമായ സിസിടിവി ദൃശ്യങ്ങളാണ് കന്‍റോണ്‍മെന്‍റ് പൊലീസിന് കിട്ടിയത്. പൊലീസിന്‍റെ അപേക്ഷയനുസരിച്ച് ദൃശ്യങ്ങള്‍ പരിശോധിക്കാന്‍ പൊതുഭരണ വകുപ്പ് അനുമതി നല്‍കുകയായിരുന്നു. പരാതിക്കാരനായ ഹരിദാസിന്‍റെ ആരോപണം ശരിവയ്ക്കുന്ന ദൃശ്യങ്ങളൊന്നും പൊലീസിന് കിട്ടിയിട്ടില്ല. ഹരിദാസും സുഹൃത്ത് ബാസിതും ആരോഗ്യ മന്ത്രിയുടെ ഓഫീസ് സ്ഥിതി ചെയ്യുന്ന സെക്രട്ടേറിയറ്റ് അനക്സ് 2ന് സമീപം നില്‍ക്കുന്നതാണ് ദൃശ്യങ്ങളിലുളളത്. എന്നാല്‍ അഖില്‍ മാത്യുവിന്‍റെയോ പണം കൈമാറ്റം നടത്തുന്നതിന്‍റെയോ ദൃശ്യങ്ങള്‍ കണ്ടെത്താനായിട്ടില്ല. വരും ദിവസങ്ങളില്‍ ദൃശ്യങ്ങളുടെ സംബന്ധിച്ച് കൂടുതല്‍ പരിശോധന പൊലീസ് നടത്തും.

