കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഇന്നലെ നവജാത ശിശുവിനെ തട്ടിയെടുക്കാന്‍ ശ്രമിച്ച സംഭവത്തില്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അന്വേഷണത്തിന് ഉത്തരവിട്ടു. ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ക്കാണ് അന്വേഷണ ചുമതല. എത്രയും പെട്ടെന്ന് അന്വേഷണ റിപ്പോര്‍ട്ട് സമർപ്പിക്കാൻ മന്ത്രി ആവശ്യപ്പെട്ടു. മേലില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ആശുപത്രികള്‍ക്ക് കര്‍ശന നിർദേശവും നല്‍കി. ഇന്നലെ ഉച്ചകഴിഞ്ഞ് 2.45 നാണ് നഴ്സിന്റെ വേഷത്തിൽ എത്തിയ കളമശ്ശേരി സ്വദേശി നീതു രാജ് വണ്ടിപ്പെരിയാർ 66–ാം മൈൽ വലിയതറയിൽ എസ്.ശ്രീജിത്തിന്റെയും അശ്വതിയുടെയും പെൺകുഞ്ഞിനെ മോഷ്ടിച്ചത്. കുഞ്ഞിനെ തട്ടിയെടുത്ത ശേഷം സമീപമുള്ള ഹോട്ടലിലേക്കു പോയ നീതു അവിടെനിന്നും രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടയിലാണ് പിടിയിലാകുന്നത്.

കാമുകനെ ബ്ലാക്മെയിൽ ചെയ്ത് പണം തിരികെ വാങ്ങാനാണ് കുഞ്ഞിനെ തട്ടിയെടുത്തതെന്നാണ് നീതു പോലീസിനു നൽകിയ മൊഴി. ബാദുഷയെ ബ്ലാക്‌മെയ്ൽ ചെയ്യാൻ വ്യക്തമായ ആസൂത്രണത്തോടെയാണ് നീതു എത്തിയത്. ബാദുഷയുടെ സ്ഥാപനത്തിൽ ആയിരുന്നു നീതു ജോലി ചെയ്തിരുന്നത്. പിന്നീട് ഇരുവരും ചേർന്ന് മറ്റൊരു സ്ഥാപനം തുടങ്ങി. സോഷ്യൽ മീഡിയ വഴി ആയിരുന്നു ഇരുവരുടെയും ബന്ധം ആരംഭിച്ചത്. നല്ല രീതിയിൽ പോയിക്കൊണ്ടിരുന്നു ബന്ധത്തിൽ നീതു ഗർഭിണി ആയി. എന്നാൽ നീതു നേരത്തെ ഗർഭം അലസിപ്പിച്ചിരുന്നു. ഒന്നരവർഷത്തെ ബന്ധമാണ് ഇരുവരും തമ്മിൽ. നീതുവിന്റെ ഭർത്താവ് ഗൾഫിൽ ആണ്. ബാദുഷ നീതുവുമായുള്ള ബന്ധത്തിൽ നിന്ന് പിന്മാറി. ബാദുഷ കൈക്കലാക്കിയ സ്വർണവും പണവും തിരികെ വാങ്ങാൻ കുഞ്ഞ് ബാദുഷയുടേത് ആണെന്ന് വരുത്തി തീർക്കാൻ ആയിരുന്നു ശ്രമം.

