കൊച്ചി: കേരളത്തിലെ വിമാനത്താവളങ്ങൾ വഴി സ്വര്‍ണം കടത്താൻ സഹായിച്ച മൂന്നു കസ്റ്റംസ് ഉദ്യോഗസ്ഥരെ സര്‍വീസില്‍നിന്ന് പിരിച്ചു വിട്ടു. ഡല്‍ഹി സ്വദേശികളായ രോഹിത് കുമാര്‍ ശര്‍മ, കൃഷന്‍ കുമാര്‍, ബിഹാര്‍ സ്വദേശി സാകേന്ദ്ര പാസ്വാന്‍ എന്നിവരെയാണ് സർവീസിൽ നിന്നും നീക്കം ചെയ്തത്. എന്നാൽ ഇതേ കുറ്റത്തിന് ആദ്യം പിരിച്ചുവിട്ടെങ്കിലും ഇവരെ തിരിച്ചെടുത്തിരുന്നു.

രണ്ടാം അന്വേഷണത്തിലും കുറ്റക്കാരെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് നടപടി. ഇവരെ കള്ളക്കടത്തുകാരുമായി ബന്ധപ്പെടുത്തിയ കസ്റ്റംസ് ഉദ്യോഗസ്ഥനും ഡല്‍ഹി സ്വദേശിയുമായ രാഹുല്‍ പണ്ഡിറ്റിനെ മൂന്നുവര്‍ഷംമുമ്പ് പുറത്താക്കിയിരുന്നു. കസ്റ്റംസില്‍ അപൂര്‍വമായാണ് ഈ രീതിയില്‍ സര്‍വീസില്‍നിന്ന് ഒഴിവാക്കുന്നത്.
കോഴിക്കോട്, കണ്ണൂര്‍ വിമാനത്താവളങ്ങളിലാണ് പുറത്താക്കിയവര്‍ ജോലിചെയ്തിരുന്നത്. ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് (ഡി.ആര്‍.ഐ.) 2019 ഓഗസ്റ്റ് 19-ന് കണ്ണൂര്‍ വിമാനത്താവളത്തില്‍ 4.5 കിലോഗ്രാം സ്വര്‍ണം പിടിച്ചിരുന്നു. ഇതിനു സഹായിച്ചെന്ന് വ്യക്തമായതിനെത്തുടര്‍ന്ന് ഇവര്‍ അറസ്റ്റിലായി. അന്ന് കസ്റ്റംസ് പ്രിവന്റീവ് കമ്മിഷണറായിരുന്ന സുമിത് കുമാര്‍ ഇവരെ പിരിച്ചുവിട്ട് ഒരുകോടി രൂപവരെ പിഴ ചുമത്തി. നടപടിക്കെതിരേ ഇവര്‍ ചീഫ് കമ്മിഷണറെ സമീപിച്ചു. പിഴത്തുകയുടെ 7.5 ശതമാനം കെട്ടിവെച്ചായിരുന്നു അപ്പീല്‍. വാദം കേട്ടശേഷം സര്‍വീസില്‍ തിരിച്ചെടുക്കാനും പുനരന്വേഷണത്തിനും ഉത്തരവിട്ടു.

