റാഫ: ഇസ്രയേല്‍ ആക്രമണം കടുപ്പിക്കുന്നതിനിടയില്‍ വടക്കന്‍ ഗാസയിലെ ആശുപത്രികള്‍ അടച്ചുപൂട്ടുന്നു. ഇസ്രയേല്‍ സൈന്യം മെഡിക്കല്‍ സൗകര്യങ്ങള്‍ ആക്രമിക്കുന്നതിനിടയിലാണ് ആശുപത്രികള്‍ അടച്ചുപൂട്ടാന്‍ നിര്‍ബന്ധിതമായിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. ഗാസയിലെ രണ്ടാമത്തെ വലിയ ആശുപത്രിയായ അല്‍-ഖുദ്സ് ഹോസ്പിറ്റലില്‍ തീപിടുത്തമുണ്ടായി. ഇസ്രയേല്‍ സൈനിക നീക്കത്തിനിടെയാണ് തീപിടുത്തം. ഗാസയിലെ ഏറ്റവും വലിയ രണ്ട് ആശുപത്രികളായ അല്‍-ഷിഫയും അല്‍-ഖുദ്സും ഇന്ധനം തീര്‍ന്നതിനെ തുടര്‍ന്ന് അടച്ചുപൂട്ടി.

ഇതിനിടെ വെന്റിലേറ്റര്‍ പ്രവര്‍ത്തിക്കാതായതോടെ ഗാസയിലെ അല്‍ ശിഫ ആശുപത്രിയില്‍ ആറ് നവജാത ശിശുക്കള്‍ മരിച്ചു. 9 രോഗികളും മരിച്ചു. മൂന്ന ദിവസത്തിനിടെ അല്‍ ശിഫ ആശുപത്രിയില്‍ 32 പേരാണ് മരിച്ചത്. ആശുപത്രിയില്‍ ഗുരുതരമായി പരിക്കേറ്റ 650 പേര്‍ ഇപ്പോഴുമുണ്ട്. ഇതിനിടെ ഇസ്രയേലി ടാങ്കുകള്‍ അല്‍ശിഫ ആശുപത്രി വളഞ്ഞതായും റിപ്പോര്‍ട്ടുണ്ട്. വടക്കന്‍ ഗാസയിലെ എല്ലാ ആശുപത്രികളും പ്രവര്‍ത്തനം നിര്‍ത്തിയതായും റിപ്പോര്‍ട്ടുണ്ട്. ഗാസയിലേത് ഗുരുതര സാഹചര്യമെന്നാണ് ലോകാരോഗ്യ സംഘടനയുടെ പ്രതികരണം.

