Kerala

ജി- 20 ഉച്ചകോടി : പഴുതടച്ച സുരക്ഷ ഒരുക്കി ജില്ലാ പോലീസ്

കോട്ടയം :കുമരകത്ത് ഈ മാസം 30 മുതൽ അടുത്തമാസം 10 വരെ നടക്കുന്ന ജി- 20 ഉച്ചകോടിയുടെ ഭാഗമായി ജില്ലാ പോലീസ് കർശന സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. കെ.ടി.ഡി.സി വാട്ടർ സ്കേപ്പിലായി പ്രത്യേകം സജ്ജീകരിച്ചിരിക്കുന്ന ഹാളിലാണ് ജി ട്വന്റി ഉച്ചകോടി സമ്മേളനം നടക്കുന്നത്. ലോകത്തിലെ 20 രാജ്യങ്ങളിൽ നിന്നുള്ള 200 ലധികം പ്രതിനിധികളാണ് സമ്മേളനത്തില്‍ പങ്കെടുക്കുന്നത് .ഇതിന്റെ ഭാഗമായി കുമരകം ഉൾപ്പെടെ കോട്ടയം ജില്ലാപോലീസിന്റെ കർശന നിയന്ത്രണ വലയത്തിൽ ആയിരിക്കും.

ആറ് എസ്പി മാരുടെ നേതൃത്വത്തിലായി 20 ഓളം ഡി.വൈ.എസ്പി മാര്‍ ഉള്‍പ്പെടുന്ന 1600 പോലീസ് ഉദ്യോഗസ്ഥരെയാണ് സുരക്ഷയ്ക്കായി നിയോഗിച്ചിരിക്കുന്നത്. സുരക്ഷയുടെ ഭാഗമായി കുമരകവും പരിസരവും റെഡ് സോണിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അതിനാൽ കുമരകത്തും പരിസരപ്രദേശങ്ങളിലും ആയി 5 കിലോമീറ്റർ ചുറ്റളവിനുള്ളിൽ ഡ്രോൺ പറത്തുന്നത് നിരോധിച്ചിരിക്കുകയാണ്. മാർച്ച് 29 മുതൽ ഏപ്രിൽ 10 വരെയാണ് നിരോധനം. റിമോട്ട് കണ്ട്രോൾഡ് എയർക്രാഫ്റ്റ്, മറ്റ് എയർ ബലൂണുകൾ എന്നിവയും നിരോധിച്ചിട്ടുണ്ട്. കൂടാതെ കായലിൽ ബോട്ടുകളിലായി 24 മണിക്കുറും പ്രത്യേക പോലീസ് സംഘത്തെ നിരീക്ഷണത്തിനായി ഏര്‍പ്പെടുത്തിയിട്ടുണ്ട് . കുമരകത്തിനോട് ചേർന്ന് കിടക്കുന്ന ജില്ലകളായ ആലപ്പുഴ, എറണാകുളം എന്നിവയുടെ അതിർത്തികൾ കേന്ദ്രീകരിച്ച് പ്രത്യേകം പോലീസിനെ വിന്യസിക്കും.

കൂടാതെ മറ്റ് അയല്‍ ജില്ലകളായ ഇടുക്കി, പത്തനംതിട്ട എന്നീ അതിർത്തികൾ കേന്ദ്രീകരിച്ചും പോലീസിനെ വിന്യസിച്ചിട്ടുണ്ട് . ജില്ലാ ബോംബ് സ്ക്വാഡ് ,ഡോഗ് സ്ക്വാഡ് എന്നിവര്‍ ദിവസവും പ്രത്യേക പരിശോധന നടത്തി വരികയാണ്. സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി കഴിഞ്ഞദിവസങ്ങളിലായി ജില്ലാ പോലീസിന്റെ നേതൃത്വത്തിൽ മോക്ക് ഡ്രില്ലുകള്‍ സംഘടിപ്പിച്ചിരുന്നു. ഹൗസ് ബോട്ടിൽ നിന്നും ഒരാൾ കായലിൽ വീണാൽ രക്ഷപ്പെടുത്തി ബോട്ടിൽ കരയിൽ എത്തിച്ച് 24 മണിക്കൂറും പ്രവർത്തിക്കുന്ന മെഡിക്കൽ ടീം ഉൾപ്പെടുന്ന ആംബുലൻസിൽ കയറ്റി ആശുപത്രിയിൽ എത്തിക്കുന്നതിനും, എല്ലാ റിസോർട്ടുകളിലെയും ഫയർ അലാറം പരിശോധിക്കുകയും, അഗ്നിരക്ഷാസേനയുടെ ബോട്ടിന്റെ കാര്യക്ഷമതയും, ആംബുലൻസുകളുടെ പ്രവർത്തനക്ഷമതയും ഉറപ്പാക്കുകയും ചെയ്തു.

കുമരകത്ത് അനധികൃത പാർക്കിംഗ് നിരോധിക്കുകയും, പ്രത്യേകം പാർക്കിംഗ് സംവിധാനങ്ങൾ ഏർപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. സമ്മേളന സ്ഥലവും റിസോർട്ടുകളും കേന്ദ്രീകരിച്ച് പ്രത്യേകം സി.സി.ടി.വി ക്യാമറാ നിരീക്ഷണവും ഏർപ്പെടുത്തിയിരിക്കുകയാണ്. വിവിധ ലോകരാജ്യങ്ങളിലെ പ്രതിനിധികളെ വരവേൽക്കാനായി പോലീസ് ഒരുങ്ങിക്കഴിഞ്ഞെന്നും, സമ്മേളനവുമായി ബന്ധപ്പെട്ട് പഴുതടച്ച സുരക്ഷയാണ് പോലീസ് ഒരുക്കിയിരിക്കുന്നതെന്നും, ജില്ലാ പോലീസ് മേധാവി കെ.കാർത്തിക് പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top