കോട്ടയം :കഴിഞ്ഞ ദിവസമാണ് സംഭവം. കോട്ടയം മെഡിക്കൽ കോളേജിലെ ഡോക്ടർക്കാണ് പണം നഷ്ടമായത്. പഴയ വൈദ്യുതി ബിൽ അടയ്‌ക്കാനുണ്ടെന്നും, രാത്രി 9.30ന് വൈദ്യുതി ബന്ധം വിച്ഛേദിക്കുമെന്നുമാണ് ഇവർക്ക് സന്ദേശം ലഭിച്ചത്. ഉടൻ തന്നെ വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥനുമായി ബന്ധപ്പെടണമെന്നും ഇവർക്ക് ലഭിച്ച സന്ദേശത്തിൽ പറഞ്ഞിരുന്നു. ഇതിനായി ഒരു ഫോൺ നമ്പറും സന്ദേശത്തോടൊപ്പം നൽകിയിരുന്നു.

വൈദ്യുതി വകുപ്പിൽ നിന്ന് ലഭിച്ച ഔദ്യോഗിക സന്ദേശമാണെന്ന് തെറ്റിദ്ധരിച്ച് ഡോക്ടർ ഫോണിൽ ലഭിച്ച മൊബൈൽ നമ്പറിൽ വിളിച്ച് വൈദ്യുതി ബിൽ കൃത്യമായി അടച്ചതാണെന്ന് അറിയിച്ചു. എന്നാൽ ഫോണെടുത്ത ആൾ പരിശോധനയ്‌ക്കെന്ന വ്യാജേന ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ചോദിച്ച് മനസിലാക്കി. മിനിട്ടുകൾക്കുള്ളിൽ ഡോക്ടറുടെ ബാങ്ക് അക്കൗണ്ടിൽ നിന്ന് 10,000 രൂപ നഷ്ടപ്പെട്ടു. ഇതോടെയാണ് തട്ടിപ്പ് ബോധ്യമായത്. കെ.എസ്.ഇ.ബി അധികൃതരെ ബന്ധപ്പെട്ടപ്പോഴാണ് ലഭിച്ചത് വ്യാജ സന്ദേശമാണെന്ന് ബോധ്യമായത്. ഉടൻ തന്നെ ബാങ്കിൽ അറിയിച്ച് അക്കൗണ്ട് ബ്ലോക്ക് ചെയ്യിക്കുകയായിരുന്നു.
നേരത്തേയും സമാനമായ രീതിയിലുള്ള തട്ടിപ്പുകൾ സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഗുണഭോക്താക്കൾ ഇത്തരം വ്യാജ സന്ദേശങ്ങളിൽ വഞ്ചിക്കപ്പെടരുതെന്ന് കെ.എസ്.ഇ.ബി അധികൃതർ വ്യക്തമാക്കി. സന്ദേശം ലഭിച്ചാൽ സത്യാവസ്ഥ അറിയാൻ കെ.എസ്.ഇ.ബി ഓഫീസുമായി ബന്ധപ്പെടണം. ഉച്ചയ്‌ക്ക് ഒരു മണിക്ക് ശേഷം കെ.എസ്.ഇ.ബി വൈദ്യുതി വിച്ഛേദിക്കുകയില്ലെന്നും അധികൃതർ വ്യക്തമാക്കി.

