കോട്ടയം: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ കന്യാസ്ത്രീയെ ബലാത്സംഗം ചെയ്‌തെന്ന കേസില്‍ വാദം പൂര്‍ത്തിയായി. കോട്ടയം അഡീഷനല്‍ സെഷന്‍സ് കോടതി വെള്ളിയാഴ്ച കേസില്‍ വിധി പറയും. ആറു വകുപ്പുകളാണ് കേസില്‍ ഫ്രാങ്കോ മുളയ്ക്കലിനെതിരെ ചുമത്തിയിട്ടുള്ളത്. ആയിരം പേജുള്ള കുറ്റപത്രത്തില്‍ മൂന്ന് ബിഷപ്പുമാരും 11 വൈദികരും 24 കന്യാസ്ത്രീകളും ഉള്‍പ്പടെ 84 സാക്ഷികളാണുള്ളത്. ഇതില്‍ 33 പേരെയാണ് വിസ്തരിച്ചത്.


പ്രതിപ്പട്ടികയില്‍നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഫ്രാങ്കോ മുളയ്ക്കല്‍ നല്‍കിയ ഹര്‍ജി നേരത്തെ കോടതി തള്ളിയിരുന്നു. ഹര്‍ജി തുറന്ന കോടതിയില്‍ കേള്‍ക്കണമെന്ന ഫ്രാങ്കോയുടെ ആവശ്യവും കോടതി നിരസിച്ചു. വിചാരണയില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ബിഷപ്പ് ഫ്രാങ്കോ നല്‍കിയ വിടുതല്‍ ഹര്‍ജി നേരത്തെ വിചാരണ കോടതിയും ഹൈക്കോടതിയും തള്ളിയിരുന്നു.
ഇതിനെതിരെ നല്‍കിയ അപ്പീല്‍ സുപ്രീംകോടതിയും തള്ളി. ഇതേത്തുടര്‍ന്നാണ് വിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ഫ്രാങ്കോ വീണ്ടും സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയെങ്കിലും പരിഗണിച്ചില്ല. വിചാരണയ്ക്കിടെ ഫ്രാങ്കോ കുറ്റം നിഷേധിച്ചിരുന്നു. ആരോപണങ്ങള്‍ കെട്ടിച്ചമച്ചതാണ്. ദൈവത്തിന് മുന്നിലെ സത്യം കോടതിയിലൂടെ തെളിയിക്കപ്പെടട്ടേ എന്നും ഫ്രാങ്കോ മുളയ്ക്കല്‍ പറഞ്ഞു.

