ഹരിയാന :ഹണി ട്രാപ്പ് കേസിൽ 22കാരിയായ യുവതി അറസ്റ്റിൽ. 8 പേർക്കെതിരെ വ്യാജ ബലാത്സംഗ പരാതി നൽകിയ യുവതിയാണ് പോലീസ് പിടിയിലായത്. കോളേജ് വിദ്യാർത്ഥിനിയായ യുവതിയുടെ മാതാവും ഹണി ട്രാപ്പ് റാക്കറ്റിൽ ഉൾപ്പെട്ടിട്ടുണ്ട്. ഇവരും റാക്കറ്റിൽ ഉൾപ്പെട്ട മറ്റൊരാളും ഒളിവിലാണ്. ഇവർക്കായുള്ള തെരച്ചിൽ നടന്നുവരികയാണെന്ന് പോലീസ് അറിയിച്ചു. അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയ യുവതി ജുഡീഷ്യൽ കസ്റ്റഡിയിലാണ്.


ഹരിയാനയിലെ ഗുരുഗ്രാമിലാണ് സംഭവം. ഒക്ടോബറിൽ ഒരു സാമൂഹ്യപ്രവർത്തക യുവതിക്കെതിരെ പരാതിയുമായി സമീപിച്ചതാണ് കേസിൽ വഴിത്തിരിവായത്. തൻ്റെ മകൻ താമസിക്കാനായി യുവതിയുടെ വീട് വാടകയ്ക്ക് എടുത്തിരുന്നു എന്നും വീട് ഒഴിഞ്ഞതിനു പിന്നാലെ കേസിൽ കുടുക്കുമെന്ന് യുവതി മകനെ ഭീഷണിപ്പെടുത്തി എന്നുമായിരുന്നു പരാതി. ഫോൺ വിളിച്ചായിരുന്നു ഭീഷണി.

ആദ്യമൊക്കെ ഫോൺ വിളിച്ച് സൗഹൃദം സ്ഥാപിച്ച യുവതി പിന്നാലെയാണ് ഭീഷണി തുടങ്ങിയത്. തന്നെ വിവാഹം കഴിക്കണമെന്നും അല്ലെങ്കിൽ പണം നൽകണമെന്നും പറഞ്ഞ യുവതി അതിനു തയ്യാറായില്ലെങ്കിൽ ബലാത്സംഗക്കേസ് നൽകുമെന്നും ഭീഷണിപ്പെടുത്തി. സാമൂഹ്യപ്രവർത്തകയുടെ പരാതിയിന്മേൽ യുവതി അറസ്റ്റിലായി. ചോദ്യം ചെയ്യലിൽ കഴിഞ്ഞ 15 മാസത്തിനിടെ 8 വ്യാജ ബലാത്സംഗ കേസുകൾ നൽകിയതായി യുവതി മൊഴിനൽകി. ഇതിൽ ചില കേസുകൾ റദ്ദാക്കിയെന്നും പോലീസ് അറിയിച്ചു. മറ്റ് കേസുകളിൽ അന്വേഷണം തുടരുകയാണ്.

