അടിമാലി: വൈദികനെന്ന വ്യാജേന ഹോട്ടൽവ്യവസായിയിൽ നിന്നു 34 ലക്ഷം രൂപ തട്ടിയ യുവാവ് അറസ്റ്റിൽ. തൊടുപുഴ അരിക്കുഴ ലക്ഷ്മിഭവനിൽ അനിൽ വി.കൈമൾ (38) ആണ് വെള്ളത്തൂവൽ പൊലീസിന്റെ പിടിയിലായത്. തിരുവനന്തപുരം സ്വദേശിയായ ഹോട്ടൽ വ്യവസായി ബോസിൽ നിന്നുമാണ് ഇയാൾ പണം തട്ടിയെടുത്തത്. ഇവർക്കൊപ്പം കപ്യാരായും വൈദികന്റെ പാചകക്കാരനായും എത്തിയ മറ്റു രണ്ടു പ്രതികൾക്കായി പോലീസ് തെരച്ചിൽ നടത്തുകയാണ്.

ചിത്തിരപുരം സ്വദേശി ഫാ. പോൾ (പോളച്ചൻ) എന്ന വ്യാജപ്പേരിലാണ് അനിൽ ഫോണിലൂടെ പരിചയപ്പെടുത്തിയത്. വൈദികനെപ്പോലെ സംസാരിച്ച് വ്യവസായിയുടെ വിശ്വാസം പിടിച്ചുപറ്റി. മൂന്നാറിൽ ഭൂമി കുറഞ്ഞ വിലയിൽ വാങ്ങാമെന്നും 34 ലക്ഷം രൂപയുമായി 19നു ചിത്തിരപുരത്ത് എത്തണമെന്നും നിർദേശിച്ചു.

കാറിൽ ചിത്തിരപുരത്ത് എത്തിയ വ്യവസായി അനിലിനെ ഫോണിൽ വിളിച്ചപ്പോൾ തന്റെ സഹായിയായ കപ്യാർ സ്ഥലത്തെത്തുമെന്നു പറഞ്ഞു. പണമടങ്ങിയ ബാഗ് സഹായിയെ കാണിക്കണമെന്നും പണം കൈമാറരുതെന്നും വ്യവസായിയോടു പറഞ്ഞു. ബാഗ് തുറന്നു പണം കാണിക്കുന്നതിനിടെ വ്യവസായിയെ തള്ളിയിട്ട് കപ്യാരുടെ വേഷത്തിൽ വന്നയാൾ പണവുമായി കടന്നുകളഞ്ഞു. തുടർന്നാണു വ്യവസായി വെള്ളത്തൂവൽ പൊലീസിൽ പരാതി നൽകിയത്.

ജില്ലാ പൊലീസ് മേധാവി വി.യു.കുര്യാക്കോസിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘമാണ് മൈസൂരുവിന് സമീപം നഞ്ചൻകോടു നിന്ന് അനിലിനെ അറസ്റ്റ് ചെയ്തത്. പ്രതിയുടെ കയ്യിൽ നിന്ന് ആറര ലക്ഷം രൂപയും കണ്ടെടുത്തു. ഇടുക്കി ഡിവൈഎസ്പി ബിനു ശ്രീധർ, വെള്ളത്തൂവൽ എസ്എച്ച് ഒ.ആർ.കുമാർ, എസ്ഐമാരായ സജി എൻ.പോൾ, സി.ആർ.സന്തോഷ്, ടി.ടി.ബിജു, സിപിഒമാരായ ശ്രീജിത് ജോസ്, എം.നിഷാദ് എന്നിവരുടെ സംഘമാണു പ്രതിയെ അറസ്റ്റ് ചെയ്തത്.


