Politics

ദേവികുളം മുന്‍ എംഎല്‍എ എസ്. രാജേന്ദ്രനെ സിപിഎമ്മില്‍നിന്ന് പുറത്താക്കാന്‍ ഇടുക്കി ജില്ലാ കമ്മിറ്റി ശുപാർശ നൽകി

മൂന്നാര്‍: ദേവികുളം മുന്‍ എംഎല്‍എ എസ്. രാജേന്ദ്രനെ സിപിഎമ്മില്‍നിന്ന് പുറത്താക്കാന്‍ ശിപാര്‍ശ. സിപിഎം ഇടുക്കി ജില്ലാ കമ്മിറ്റിയാണ് കര്‍ശന നടപടിക്ക് ശിപാര്‍ശ ചെയ്തത്.ദേവികുളം നിയമസഭാ തെരഞ്ഞെടുപ്പ് വീഴ്ചയില്‍ പാര്‍ട്ടി നിയോഗിച്ച രണ്ടംഗ കമ്മീഷന്റെ അന്വേഷണത്തില്‍ രാജേന്ദ്രന്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നീക്കം. ഒരു വര്‍ഷത്തേക്കാണ് പാര്‍ട്ടിയില്‍നിന്ന് പുറത്താക്കാന്‍ ശിപാര്‍ശ നല്‍കിയിട്ടുള്ളത്.

 

ശിപാര്‍ശ ജില്ലാ കമ്മിറ്റി സംസ്ഥാന കമ്മിറ്റിക്ക് കൈമാറും. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ ആത്മാര്‍ത്ഥത ഉണ്ടായില്ല, പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ നിന്ന് വിട്ടു നിന്നു, വോട്ട് ഭിന്നിപ്പിക്കാന്‍ ശ്രമിച്ചു തുടങ്ങിയവയാണ് രാജേന്ദ്രനെതിരായ അന്വേഷണ കമ്മീഷന്റെ കണ്ടെത്തലുകള്‍.മുന്‍മന്ത്രി എം എം മണി രാജേന്ദ്രനെതിരെ രൂക്ഷവിമര്‍ശനം ഉന്നയിച്ചിരുന്നു. ജില്ലാ കമ്മിറ്റി അംഗമായ രാജേന്ദ്രന്‍ പാര്‍ട്ടി സമ്മേളനങ്ങളില്‍ പങ്കെടുക്കാത്തത് പാര്‍ട്ടി വിരുദ്ധമാണ്. ഇങ്ങനെ ഉള്ള ആളുകളെ ചുമക്കേണ്ട കാര്യമില്ല. ഇക്കൂട്ടര്‍ പാര്‍ട്ടി വിട്ടു പോയാലും പ്രശ്‌നമില്ല. രാജേന്ദ്രന് എംഎല്‍എ പദവിയടക്കം എല്ലാം നല്‍കിയത് പാര്‍ട്ടിയാണെന്നും എം എം മണി തുറന്നടിച്ചിരുന്നു.

 

ഇക്കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ ദേവികുളത്ത് വീണ്ടും മല്‍സരിക്കാന്‍ രാജേന്ദ്രന്‍ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ രണ്ടു തവണയില്‍ കൂടുതല്‍ മല്‍സരിച്ചവര്‍ മാറി നില്‍ക്കണമെന്ന തീരുമാനം ദേവികുളത്തും നടപ്പാക്കാന്‍ പാര്‍ട്ടി തീരുമാനിച്ചു. ഇതനുസരിച്ച് ഡിവൈഎഫ്‌ഐ നേതാവ് എ രാജയാണ് ദേവികുളത്ത് സിപിഎം സ്ഥാനാര്‍ത്ഥിയായി മല്‍സരിച്ചത്.

 

ഇതേത്തുടര്‍ന്ന് രാജേന്ദ്രന്‍ പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ നിന്നും അകന്നുനില്‍ക്കുകയായിരുന്നു. രാജേന്ദ്രന്‍ ഇടഞ്ഞുനിന്നെങ്കിലും ദേവികുളം മണ്ഡലത്തില്‍ സിപിഎം സ്ഥാനാര്‍ത്ഥി വിജയിച്ചു. ദേവികുളത്തു നിന്നും മൂന്നു തവണയായി 15 വര്‍ഷം രാജേന്ദ്രന്‍ എംഎല്‍എയായിരുന്നിട്ടുണ്ട്. അതിന് മുമ്പ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റായും രാജേന്ദ്രന്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top