പാലാ : കൊല്ലപ്പെട്ട സെന്റ് തോമസ് കോളേജ് വിദ്യാര്‍ത്ഥിനി നിതിന മോളുടെ കുടുംബത്തിന് സഹായവുമായി ഡി വൈ എഫ് ഐ. 15 ലക്ഷം രൂപയാണ് നിതിനയുടെ അമ്മ ബിന്ദുവിന്റെ ചികിത്സയ്ക്കായി ഡി വൈ എഫ് ഐ സമാഹരിച്ചത്. സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ തുക കൈമാറി.

പത്ത് ലക്ഷം രൂപ സ്ഥിര നിക്ഷേപമായും അഞ്ച് ലക്ഷം സേവിംഗ് നിക്ഷേപമായും ബാങ്കിലിട്ടു. ബിന്ദു കടുത്ത ശ്വാസകോശ രോഗിയാണ്. ഡി വൈ എഫ് ഐയുടെ മേഖലാ ഭാരവാഹിയായിരുന്നു നിതിന മോള്‍.സാമ്പത്തികമായി ഏറെ പിന്നില്‍ നില്‍ക്കുന്ന കുടുംബത്തിന്റെ ഏക പ്രതീക്ഷയായിരുന്നു നിതിന. ഏഴു വര്‍ഷം മുമ്പാണ് തലയോലപറമ്പിലെ പത്താം വാര്‍ഡില്‍ ഇവര്‍ താമസം തുടങ്ങുന്നത്.
അമ്മയും മകളും മാത്രമടങ്ങുന്ന കുടുംബത്തിന് തലയോലപറമ്പിലെ ഒരു സാമൂഹിക സംഘടനയാണ് വീട് വെച്ച് നല്‍കിയത്. കഴിഞ്ഞ ഒക്ടോബര്‍ ഒന്നിനു രാവിലെ 11.20ന്, വിദ്യാര്‍ത്ഥിനിയായ നിതിനയെ സഹപാഠിയായ അഭിഷേക് ബ്ലേഡ് കൊണ്ട് കഴുത്തറുത്തു കൊല്ലുകയായിരുന്നു. കേസില്‍ കഴിഞ്ഞ ദിവസം കുറ്റപത്രം സമര്‍പ്പിച്ചിരുന്നു.

