കൊരട്ടി, നാലുകെട്ട്, മേലൂർ എന്നിവിടങ്ങളിൽ ഇറങ്ങിയ കാട്ടുപോത്ത് വീണ്ടും അയ്യമ്പുഴ പഞ്ചായത്തിലെത്തി. പോട്ടയിൽ ഇന്നലെ രാവിലെ പത്തരയോടെയാണു കാട്ടുപോത്ത് എത്തിയത്. വനംവകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ഒരു മണിയോടെ അതിരപ്പിള്ളി റേഞ്ചിലെ കിളിക്കാട് ഭാഗത്തു വനത്തിലേക്കു കയറ്റിവിട്ടു. കഴിഞ്ഞ തിങ്കളാഴ്ച മഞ്ഞപ്രയിലാണു കാട്ടുപോത്തിനെ ആദ്യമായി കണ്ടത്. അന്നുതന്നെ അയ്യമ്പുഴ പഞ്ചായത്തിലേക്കു കടന്ന പോത്ത് കണ്ണിമംഗലം ഭാഗത്തു വനമേഖലയിലേക്കു കടന്നു. എന്നാൽ രാത്രിയിൽ പോട്ട ഭാഗത്തു പോത്ത് തിരിച്ചെത്തി. ചൊവ്വാഴ്ച മൂക്കന്നൂർ ഒലിവേലി കുട്ടാടം പ്രദേശങ്ങളിൽ വനാതിർത്തിയിലെ ജനവാസ കേന്ദ്രങ്ങളിൽ എത്തിയെങ്കിലും അപ്പോൾ തന്നെ വനത്തിലേക്കു കയറ്റിവിട്ടു. ബുധനാഴ്ച തൃശൂർ ജില്ലയിലേക്കു കടന്ന പോത്ത് കൊരട്ടി, നാലുകെട്ട്, മേലൂർ ഭാഗങ്ങളിലാണു പരിഭ്രാന്തി പരത്തിയത്. ഒട്ടേറെ സ്ഥലങ്ങളിൽ കറങ്ങിയെങ്കിലും പോത്ത് ശാന്തത കൈവിട്ടില്ല.


ബുധനാഴ്ച വൈകിട്ട് 6.40 ന് കൊരട്ടിയിൽ വച്ചു പോത്തിനെ മയക്കുവെടി വച്ചെങ്കിലും ഫലവത്തായില്ല. നാലുകെട്ടിൽ നിന്ന് ഇന്നലെ പുലർച്ചെ അതിരപ്പിള്ളി വനമേഖലയിലേക്കു കടന്ന പോത്ത് പോട്ട ഭാഗത്തെത്തി. അവിടെ നിന്നു തിരിച്ചു കിളിക്കാട് ഭാഗത്തേക്കു പോയി. കാലടി റേഞ്ച് ഓഫിസർ ബി.അശോക്‌രാജ്, അതിരപ്പിള്ളി റേഞ്ച് ഓഫിസർ പി.എസ് വിപിൻ എന്നിവരുടെ നേതൃത്വത്തിൽ വനംവകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ പോത്തിനെ നിബിഡ വനമേഖലയിലേക്ക് ഓടിച്ചു. കിളിക്കാട് ഭാഗത്തു വെച്ചു പോത്ത് വനത്തിലേക്കു കയറിപ്പോയി.


