കോട്ടയം :പ്രതിമ സ്ഥാപിക്കുന്നതിനെ ചൊല്ലി കോട്ടയത്തെ ക്‌നാനായ സഭാ ആസ്ഥാനത്ത് തര്‍ക്കം. ക്‌നായി തൊമ്മന്റെ പ്രതിമ ക്രിസ്തുരാജാ പള്ളിയില്‍ സ്ഥാപിക്കാനുള്ള ശ്രമം ഒരു വിഭാഗം വിശ്വാസികള്‍ തടഞ്ഞതാണ് തര്‍ക്കത്തിലുള്ളത്. സഭാ വികാരിയുടെ പരാതിയിലാണ് പോലീസ് നടപടി.
ക്‌നാനായ സഭാ ആചാര്യന്റെ ശില്‍പ്പവുമായി ഒരു പറ്റം വിശ്വാസികളാണ് രൂപത ആസ്ഥാനത്തെത്തിയത്. ശില്‍പ്പ മുറപ്പിയ്ക്കാന്‍ ആശാരിയും ഒപ്പമുണ്ടായിരുന്നു.

എന്നാല്‍ നേതൃത്വത്തെ അറിയിക്കാതെ നിര്‍മ്മിച്ച ശില്‍പ്പം ആസ്ഥാനത്ത് സ്ഥാപിക്കാനാവില്ലെന്നായിരുന്നു സഭയുടെ നിലപാട്. ഇതോടെ വിശ്വാസികളെ പോലീസ് ഗേറ്റ് മുമ്പില്‍ തടയുകയായിരുന്നു. സഭയോട് ആലോചിയ്ക്കാതെ നിര്‍മ്മിച്ച ശില്‍പ്പത്തെ അംഗീകരിക്കില്ലെന്നായിരുന്നു ഔദ്യോഗിക പക്ഷത്തിന്റെ നിലപാട്. അതിക്രമിച്ചു കടക്കാന്‍ എത്തിയവര്‍ അല്ലെന്നും ആചാര്യന്റെ പ്രതിമ സ്ഥാപിക്കുക മാത്രമാണ് തങ്ങളുടെ ലക്ഷ്യമെന്ന് വിമത വിഭാഗം അറിയിച്ചു. ക്‌നാനായ സഭയിലെ ആഭ്യന്തര തര്‍ക്കങ്ങളാണ് ശില്‍പ്പ നിര്‍മ്മാണത്തിലേക്കും തര്‍ക്കത്തിലേക്കും നയിച്ചത്.


