തിരുവനന്തപുരം :സംവിധായകൻ ബാലചന്ദ്രകുമാർ അതീവഗുരുതരാ വസ്ഥയിലെന്ന് കുടുംബം. തിരുവനന്തപുരം എസ് യു ടി ആശുപത്രിയിൽ അതീവഗുരുതരാവസ്ഥയിൽ തുടരുന്ന ബാലചന്ദ്രകുമാറിൻ്റെ ചികിത്സയ്ക്കായി 20 ലക്ഷത്തിലേറെ രൂപ വേണമെന്നും എല്ലാവരുടെയും സഹായം വേണമെന്നും ഭാര്യ ഷീബ അഭ്യർത്ഥിച്ചു. വിട്ടുമാറാത്ത വൃക്കരോഗത്തെ തുടർന്ന് ഗുരുതരാവസ്ഥയിലാണെന്നാണ് ഷീബ പറയുന്നത്.

ബാലചന്ദ്ര കുമാറിൻ്റെ വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കായി ചെലവ് കണക്കാക്കിയിരിക്കുന്നത് 20 ലക്ഷം രൂപയാണെന്നും അവർ വിവരിച്ചു. ഒരു ഇൻഷുറൻസ് സപ്പോർട്ടും ഇല്ലാതെ തന്നെ അദ്ദേഹത്തിന്റെ ചികിത്സയ്ക്കായി ഇതിനകം 10 ലക്ഷം രൂപ ചെലവഴിച്ചു. കുടുംബത്തിൽ വരുമാനമുണ്ടായിരുന്ന ഒരേയോരാൾ ബാലചന്ദ്രനായിരുന്നുവെന്നും മറ്റാർക്കും കാര്യമായ സാമ്പത്തിക ശേഷിയില്ലെന്നും അവർ വിവരിച്ചു. 2 കുട്ടികൾ മാത്രമുള്ള കുടുംബമായതിനാൽ തന്നെ ദൈനംദിന ചെലവുകൾക്കൊപ്പം ഭർത്താവിന്റെ ചികിത്സയുടെ ചിലവും കൂടിയെത്തിയതോടെ സാമ്പത്തികമായി തകർന്നിരിക്കുകയാണെന്നും ഷീബ കൂട്ടിച്ചേർത്തു.
കുടുംബത്തിന് അപ്രതീക്ഷിതമായിരുന്നു ഈ സംഭവമെന്നും ഈ ദുഷ്‌കരമായ സമയത്ത് ബാലചന്ദ്ര കുമാറിനൊപ്പം നിൽക്കാൻ ഏവരും തയ്യാറാകണമെന്നും അവർ അഭ്യർത്ഥിച്ചു. കഴിയുന്ന സഹായം എല്ലാവരും ചെയ്യണമെന്നും ഷീബ കൂട്ടിച്ചേർത്തു. ബാലചന്ദ്രയുടെ ചികിത്സാ ചിലവുകൾക്കായി നിങ്ങൾ സംഭാവന ചെയ്യുന്ന ഏത് തുകയും വളരെ വിലമതിക്കുന്ന താണെന്നും കുടുംബത്തിനൊപ്പം ഏവരുടെയും പ്രാർത്ഥനയുണ്ടാകണമെന്നും ഷീബ അഭ്യർത്ഥിച്ചു.

