Crime

പള്‍സര്‍ സുനിയേയും അന്വേഷണ ഉദ്യോഗസ്ഥരേയും വകവരുത്തിയ ശേഷം മൃതദേഹം എന്തു ചെയ്യണമെന്ന ചര്‍ച്ച പോലും നടന്നത്രെ

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെ അപായപ്പെടുത്താന്‍ ശ്രമിച്ചെന്ന കേസില്‍ ദിലീപ് അടക്കമുള്ള പ്രതികളുടെ ചോദ്യം ചെയ്യല്‍ അവസാന മണിക്കൂറുകളിലേക്ക്. കേസില്‍ ദിലീപിനെതിരെ കൂടുതല്‍ ശബ്ദ തെളിവുകള്‍ ഉണ്ടെന്ന് സൂചന നല്‍കി ക്രൈംബ്രാഞ്ച്. മാത്രമല്ല, പള്‍സര്‍ സുനിയേയും അന്വേഷണ ഉദ്യോഗസ്ഥരേയും വകവരുത്തിയ ശേഷം മൃതദേഹം എന്തു ചെയ്യണമെന്ന ചര്‍ച്ച പോലും നടന്നുവെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍.

ബാലചന്ദ്രകുമാര്‍ നല്‍കിയ ശബ്ദരേഖകളിലെ ദിലീപിന്റെ ശബ്ദം സംവിധായകന്‍ റാഫി തിരിച്ചറിഞ്ഞതായി ക്രൈം ബ്രാഞ്ച് വൃത്തങ്ങള്‍ അറിയിച്ചു. ചോദ്യം ചെയ്യലുമായി ദിലീപ് സഹകരിക്കുന്നുണ്ടോ എന്നത് സംബന്ധിച്ച് കൃത്യമായ മറുപടി പോലീസിന്റെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ല. ഇന്ന് രാത്രി 8 മണി വരെ ചോദ്യം ചെയ്യല്‍ തുടരും. അതേസമയം നടിയെ ആക്രമിച്ച കേസില്‍ അഞ്ച് പുതിയ സാക്ഷികളെ വിസ്തരിക്കാനുള്ള സമയ പരിധി ഹൈക്കോടതി നീട്ടി നല്‍കി. ജനുവരി 27 മുതല്‍ 10 ദിവസത്തേക്കാണ് സമയപരിധി നീട്ടി നല്‍കിയിരിക്കുന്നത്.

അന്വേഷണ ഉദ്യോഗസ്ഥരെ ആക്രമിക്കാനുള്ള ഗൂഢാലോചനയില്‍ നിര്‍ണ്ണായക തെളിവുകള്‍ കിട്ടിയെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം. ഇക്കാര്യത്തില്‍ വെളിപ്പെടുത്തലുകള്‍ നടത്തിയ സംവിധായകന്‍ ബാലചന്ദ്രകുമാര്‍ തെറ്റാന്‍ കാരണം സിനിമ തുടങ്ങാന്‍ വൈകിയതുകൊണ്ടാണെന്നും ദിലീപ് അന്വേഷണസംഘത്തോടു പറഞ്ഞു. അന്വേഷണ ഉദ്യോഗസ്ഥനെതിരേ വധഭീഷണി മുഴക്കിയതു താന്‍ ഓര്‍ക്കുന്നില്ലെന്നും മദ്യപിച്ചിരുന്നതിനാല്‍ സംഭാഷണം ഓര്‍മയില്ലെന്നും ദിലീപ് ചോദ്യം ചെയ്യലില്‍ വ്യക്തമാക്കി.

എന്തെങ്കിലും പറഞ്ഞെങ്കില്‍ തന്നെ ജയിലില്‍ അടച്ചതിലുള്ള പ്രയാസം കൊണ്ടാണ്. താനൊരു തികഞ്ഞ ഈശ്വരവിശ്വാസിയാണ്. അനുഭവിക്കുമെന്നു പറഞ്ഞിട്ടുണ്ടെങ്കില്‍ ശാപവാക്കായാണു മനസില്‍ കരുതിയിരിക്കുക. എന്നാല്‍, താനങ്ങനെ ഒരിക്കലും പറഞ്ഞിട്ടില്ലെന്നും സംഭവിച്ചതെല്ലാം ദുര്‍വിധിയാണെന്നു കരുതുന്നതെന്നും ദിലീപ് മൊഴി നല്‍കി. കഴിഞ്ഞുപോയ സംഭവങ്ങളില്‍ ആരോടും പരിഭവമില്ല. നടിയെ ആക്രമിച്ച സംഭവവുമായി യാതൊരു ബന്ധവുമില്ല. സംഭവം നടന്ന് ഒന്നരമാസം കഴിഞ്ഞാണു തന്റെ പേര് വലിച്ചിഴച്ചതെന്നും ദിലീപ് അവകാശപ്പെട്ടു.

 

ഇന്നലത്തെ ചോദ്യം ചെയ്യല്‍ 11 മണിക്കൂര്‍ നീണ്ടു. അഞ്ചുപ്രതികളേയും ഒരുമിച്ചാണു ചോദ്യം ചെയ്തത്. ആദ്യ ദിവസത്തെ മൊഴിയുടെ പരിശോധന ഇന്നലെ നടന്നു. അഞ്ചുപേരെയും ഒരുമിച്ചിരുത്തി മൊഴിയിലെ പൊരുത്തക്കേടുകളാണ് ഇന്നലെ പരിശോധിച്ചത്. പ്രധാനസാക്ഷി ബാലചന്ദ്രകുമാര്‍ കൈമാറിയ രേഖകളുടെയും ഡിജിറ്റല്‍ തെളിവുകളുടെയും അടിസ്ഥാനത്തിലായിരുന്നു ചോദ്യം ചെയ്യല്‍.

 

ഇതുവരെ സംവിധായകന്‍ ബാലചന്ദ്രകുമാര്‍ മാധ്യമങ്ങളിലൂടെ പുറത്തുവിട്ട തെളിവുകളുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യല്‍ നടന്നത്. ഇതിനാല്‍ തന്നെ പ്രതികള്‍ക്ക് ഇതനുസരിച്ച് തയ്യാറെടുപ്പുകള്‍ നടത്താന്‍ സാധിച്ചിരുന്നു. ഇതിനെ പൊളിക്കാനാണ് അവസാന 11 മണിക്കൂറില്‍ അന്വേഷണസംഘം ശ്രമിക്കുക. ഗൂഢാലോചന സംബന്ധിച്ച ഡിജിറ്റല്‍ തെളിവുകളാണ് കവറിലുള്ളത്.

ഡിജിറ്റല്‍ തെളിവുകളിലുള്ളത് പ്രതികള്‍ തന്നെയെന്ന് ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് സംവിധായകന്‍ റാഫി, അരുണ്‍ഗോപി എന്നിവരെ തിങ്കളാഴ്ച ക്രൈംബ്രാഞ്ച് ഓഫീസില്‍ വിളിച്ചുവരുത്തിയത്. പ്രതികളെ സുഹൃത്തുക്കള്‍ തിരിച്ചറിഞ്ഞുവെന്നും ഇതുകൊണ്ടുതന്നെ തെളിവുകള്‍ തള്ളിക്കളയാനാകില്ലെന്നും അന്വേഷണ സംഘം വിലയിരുത്തുന്നു.

എഡിജിപിയുടെ മേല്‍നോട്ടത്തില്‍ ഹൈക്കോടതിയില്‍ നല്‍കാനിരിക്കുന്ന റിപ്പോര്‍ട്ടിന്റെ അന്തിമ രൂപം ചോദ്യം ചെയ്യലിന് ശേഷം തയ്യാറാക്കും. ഇതിനിടെ ദിലീപിന്റെ സുഹൃത്തും സംവിധായകനുമായ വ്യാസന്‍ എടവനക്കാടിനെ ക്രൈം ബ്രാഞ്ച് വിളിച്ചുവരുത്തി. തെളിവെടുപ്പിനായാണ് ക്രൈം ബ്രാഞ്ച് ഓഫീസിലേക്ക് വിളിച്ചു വരുത്തിയത്. എഡിജിപി ശ്രീജിത്ത് കളമശ്ശേരി ക്രൈം ബ്രാഞ്ച് ഓഫീസിലെത്തിയിട്ടുണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top