ഇടുക്കി: ഇടുക്കി എഞ്ചിനീയറിംഗ് കോളജില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് കുത്തി കൊലപ്പെടുത്തിയ എസ്‌എഫ്‌ഐ പ്രവര്‍ത്തകന്‍ ധീരജ് രാജേന്ദ്രന്റെ പോസ്റ്റുമോര്‍ട്ടം ഇന്ന് നടക്കും. ധീരജിന്റെ സംസ്‌കാരത്തിനായി എട്ടു സെന്റ് ഭൂമി വിലയ്ക്ക് വാങ്ങി സിപിഎം. വീടിന് സമീപത്ത് ധീരജിനായി സ്മാരകം പണികഴിപ്പിക്കും.പോസ്റ്റുമോര്‍ട്ടത്തിനു ശേഷം സിപിഎം ഇടുക്കി ജില്ലാ കമ്മറ്റി ഓഫീസില്‍ പൊതുദര്‍ശനത്തിനായി എത്തിക്കും. തുടര്‍ന്ന് വിലാപ യാത്രയായി സ്വദേശമായ കണ്ണൂരിലേക്ക് കൊണ്ടുപോകും. അതേസമയം കൊലപാതകവുമായി ബന്ധപ്പെട്ട് പിടിയിലായ നിഖില്‍ പൈലിയുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും.

സംഭവത്തില്‍ ആറ് പേരെക്കൂടി പോലീസ് കസ്റ്റഡിയില്‍ എടുത്തു. ആറ് പേരും കെ.എസ്.യു. പ്രവര്‍ത്തകരാണ്. ഇവരെ പോലീസ് ചോദ്യം ചെയ്ത് വരികയാണ്. ചൊവ്വാഴ്ച വൈകിട്ടു നാലുമണിക്കുശേഷം തളിപ്പറമ്ബില്‍ ഹര്‍ത്താല്‍ ആചരിക്കും. കോളജ് യൂണിയന്‍ തിരഞ്ഞെടുപ്പിനിടെ ഉണ്ടായ കെഎസ്യു- എസ്‌എഫ്‌ഐ സംഘര്‍ഷത്തിലാണ് ധീരജ് രാജേന്ദ്രന് കുത്തേറ്റത്.
അതേസമയം, ഇടുക്കി എന്‍ജിനീയറിങ് കോളേജ് വിദ്യാര്‍ഥി ധീരജിന്റെ കൊലപാതകം ആസൂത്രിതമാണോ എന്ന് ഇപ്പോള്‍ പറയാനാകില്ലെന്ന് ജില്ലാ പോലീസ് മേധാവി പ്രതികരിച്ചു. സംഭവത്തില്‍ വിശദമായ അന്വേഷണവും പരിശോധനകളും തുടരുകയാണ്.തിങ്കളാഴ്ച ഉച്ചയോടെയാണ് സംഭവം. കേരള സാങ്കേതിക സര്‍വകലാശാലയ്ക്ക് കീഴിലുള്ള കോളേജുകളില്‍ ഇന്ന് യൂണിയന്‍ തെരഞ്ഞെടുപ്പ് നടക്കുകയാണ്. അതിനിടെയുണ്ടായ സംഘര്‍ഷമാണ് കൊലപാതകത്തില്‍ കലാശിച്ചത്. ധീരജിനെ കുത്തിയവര്‍ കൃത്യം നടത്തിയ ശേഷം കാംപസിന് അകത്തുനിന്ന് ഓടി രക്ഷപ്പെടുകയായിരുന്നു. കുത്തേറ്റുവീണ ധീരജിനെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
തെരഞ്ഞെടുപ്പിലെ പരാജയഭീതിയാണ് കൊലപാതകത്തിന് കാരണമെന്ന് എസ് എഫ് ഐ ആരോപിക്കുന്നു. പൈനാവിലെ എഞ്ചിനിയറിങ് കോളേജ് കാംപസില്‍വെച്ച് കുത്തേറ്റ രണ്ടാമത്തെ വിദ്യാര്‍ത്ഥിയുടെ ആരോഗ്യനില ഗുരുതരമാണ്. യാതൊരു പ്രശ്നവും കാംപസില്‍ ഉണ്ടായിരുന്നില്ലെന്നും തെരഞ്ഞെടുപ്പ് ദിവസം പുറത്തു നിന്നവര്‍ ഏകപക്ഷീയമായി ആക്രമിക്കുകയായിരുന്നുവെന്നും എസ്‌എഫ്‌ഐ ആരോപിക്കുന്നു.

