India

പട്ടാപ്പകല്‍ നഗരമദ്ധ്യത്തില്‍ വന്‍ കൊള്ള; അഞ്ചംഗ സംഘം കവർന്നത് 10 കോടിയുടെ ആഭരണങ്ങള്‍

ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ പട്ടാപ്പകല്‍ നഗരമദ്ധ്യത്തില്‍ വന്‍ കൊള്ള. സംസ്ഥാനത്ത് ഇതുവരെ നടന്നിട്ടുള്ളതില്‍ വെച്ച് ഏറ്റവും വലിയ മോഷണമാണ് കഴിഞ്ഞ ദിവസം നടന്നതെന്ന് പൊലീസ് പറഞ്ഞു. നഗരത്തിലെ പ്രമുഖ ജ്വല്ലറിയിലായിരുന്നു നാടിനെ നടുക്കിയ മോഷണം. മാസ്‍ക് ധരിച്ച് ആയുധധാരികളായ അഞ്ചംഗ സംഘം ജീവനക്കാരെ തോക്കിന്‍ മുനയില്‍ നിര്‍ത്തിയാണ് കവര്‍ച്ച നടത്തിയത്.

ഡെറാ‍ഡൂണിലെ രാജ്പൂര്‍ റോഡിലുള്ള റിലയന്‍സ് ജ്വല്ലറിയില്‍ നിന്ന് ഏതാണ്ട് പത്ത് കോടി രൂപ വിലവരുന്ന ആഭരണങ്ങളാണ് വ്യാഴാഴ്ച രാവിലെ മോഷ്ടാക്കള്‍ കൊണ്ടുപോയത്. നഗരത്തില്‍ ഉത്തരാഖണ്ഡ് സംസ്ഥാന രൂപീകരണ വാര്‍ഷിക ആഘോഷങ്ങള്‍ നടക്കുകയായിരുന്നു. പരിപാടികളില്‍ പങ്കെടുക്കാനായി രാഷ്ട്രപതി ദ്രൗപതി മുര്‍മുവും ഈ സമയം ഡെറാഡ‍ൂണിലുണ്ടായിരുന്നു. പൊലീസുകാരെല്ലാം വിവിഐപി സന്ദര്‍ശന സംബന്ധമായ ജോലികളുമായി തിരക്കിലായിരുന്ന സമയത്താണ് വന്‍ കൊള്ള അതേ നഗരത്തിലെ തന്നെ മറ്റൊരു ഭാഗത്ത് അരങ്ങേറിയത്.

രാവിലെ ജ്വല്ലറി തുറന്ന് ഏതാനും മിനിറ്റുകള്‍ക്കകം ആണ് മോഷ്ടാക്കള്‍ സ്ഥാപനത്തില്‍ എത്തിയതെന്ന് സംഭവസ്ഥലം സന്ദര്‍ശിച്ച മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരില്‍ ഒരാള്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. രാവിലെ പത്ത് മണിയോടെ ഏഴ് ജീവനക്കാരെത്തി ജ്വല്ലറി തുറന്നു. തുടര്‍ന്ന് ആഭരണങ്ങള്‍ ഡിസ്പ്ലേ റാക്കുകളിലേക്ക് എടുത്തു വെച്ചുകൊണ്ടിരിക്കുകയായിരുന്നു. ഈ സമയത്താണ് ഉപഭോക്താക്കളെപ്പോലെ അഞ്ച് പേര്‍ മുഖംമൂടി ധരിച്ച് ജ്വല്ലറിയിലേക്ക് കടന്നുവന്നത്.

ഉടന്‍ തന്നെ തോക്കുകള്‍ പുറത്തെടുത്ത് ജീവനക്കാരെ ഭീഷണിപ്പെടുത്തി. എല്ലാവരെയും കയറുകള്‍ കൊണ്ട് ബന്ധിച്ച് പാന്‍ട്രി റൂമില്‍ അടച്ചു. ആരെയും ഉപദ്രവിച്ചില്ല. മോഷണത്തിന്റെ മുഴുവന്‍ ദൃശ്യങ്ങളും സ്ഥാപനത്തിലെ സിസിടിവി ക്യാമറകളില്‍ പതിഞ്ഞിട്ടുണ്ട്. ആകെ 25 മിനിറ്റ് കൊണ്ട് 10 കോടിയുടെ ആഭരണങ്ങളും കൈക്കലാക്കി സംഘം സ്ഥലം വിട്ടു. പിന്നെയും ഒരു മണിക്കൂര്‍ കഴിഞ്ഞാണ് പൊലീസിനെ വിവരം അറിയിക്കാന്‍ കഴിഞ്ഞത്. മുതിര്‍ന്ന ഉദ്യോഗസ്ഥരടക്കം സ്ഥലത്തെത്തി പരിശോധന നടത്തി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top