ഡല്‍ഹി: ഡോക്ടര്‍ എസിയിൽ സുഖമായി ഉറങ്ങിയതോടെ ജീവന്‍ നഷ്ടമായത് നവജാത ശിശുക്കള്‍ക്ക്. ഉത്തര്‍പ്രദേശിലെ ഷാംലി ജില്ലയിലെ ഒരു സ്വകാര്യ ക്ലിനിക്കിലാണ് ലംഭവം. രണ്ട് നവജാതശിശുക്കളാണ് മരിച്ചത്. വളരെ തണുപ്പുള്ള മുറിയില്‍ പാര്‍പ്പിച്ചതിനെ തുടര്‍ന്നാണ് കുഞ്ഞുങ്ങളുടെ മരണം സംഭവിച്ചതെന്ന് പോലീസ് പറഞ്ഞു.

ക്ലിനിക്കിന്റെ ഉടമ ഡോ. നീതു ശനിയാഴ്ച രാത്രി മുഴുവന്‍ സുഖമായി ഉറങ്ങാനായി എയര്‍കണ്ടീഷണര്‍ (എസി) ഓണാക്കി വച്ചിരുന്നതായി മരിച്ച നവജാത ശിശുക്കളുടെ കുടുംബങ്ങള്‍ ആരോപിച്ചു. പിറ്റേന്ന് രാവിലെയാണ് കുഞ്ഞുങ്ങളെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
കുട്ടികളുടെ കുടുംബങ്ങള്‍ നല്‍കിയ പരാതിയില്‍ നീതുവിനെതിരെ ഐപിസി സെക്ഷന്‍ 304 (കൊലപാതകത്തിന് തുല്യമല്ലാത്ത നരഹത്യക്കുള്ള ശിക്ഷ) പ്രകാരം കേസെടുത്തതായി എസ്എച്ച്ഒ നേത്രപാല്‍ സിംഗ് പറഞ്ഞു. ഡോക്ടറെ അറസ്റ്റ് ചെയ്തതായി എസ്എച്ച്ഒ അറിയിച്ചു. അതേസമയം സംഭവത്തില്‍ ആരോഗ്യവകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

