India

ഡല്‍ഹിയില്‍ വായുമലിനീകരണം വീണ്ടും ഗുരുതരാവസ്ഥയില്‍

ന്യൂഡല്‍ഹി: ദീപാവലി ആഘോഷങ്ങള്‍ക്ക് പിന്നാലെ ഡല്‍ഹിയില്‍ വായുമലിനീകരണം വീണ്ടും ഗുരുതരാവസ്ഥയിലെത്തി. രാവിലത്തെ കണക്കു പ്രകാരം തലസ്ഥാനത്തെ വിവിധ പ്രദേശങ്ങളില്‍ വായു ഗുണനിലവാര സൂചിക 360 നും മുകളിലാണ്. പുകമഞ്ഞ് ഡല്‍ഹിയെ മൂടിയ നിലയിലാണ്. ഇതേത്തുടര്‍ന്ന് ജനങ്ങള്‍ക്ക് കണ്ണെരിച്ചിലും ശ്വാസംമുട്ടലും അടക്കമുള്ള പ്രയാസങ്ങള്‍ അനുഭവപ്പെട്ടു.

ബാവന (434), നരേല (418), രോഹിണി (417), ആര്‍ കെ പുരം (417), ദ്വാരക നരേല (404), ഒഖ്‌ല നരേല (402) തുടങ്ങിയ സ്ഥലങ്ങളിലാണ് മലിനീകരണം അതിരൂക്ഷമായിട്ടുള്ളത്. നിയന്ത്രണങ്ങള്‍ ലംഘിച്ചുകൊണ്ട് പടക്കം പൊട്ടിക്കല്‍ അടക്കമുള്ള ദീപാവലി ആഘോഷങ്ങളാണ് വായുഗുണനിലവാരം വീണ്ടും മോശമാകാന്‍ കാരണമായത്.ദീപാവലി ദിനത്തില്‍ പകല്‍ ഡല്‍ഹിയില്‍ നല്ല അന്തരീക്ഷമായിരുന്നു. അന്ന് വൈകീട്ട് നാലിന് ശരാശരി വായു ഗുണനിലവാര സൂചിക 218 ആയിരുന്നു. രാത്രിയിലെ അനിയന്ത്രിത പടക്കം പൊട്ടിക്കലോടെയാണ് സ്ഥിതി വഷളായത്. തിങ്കളാഴ്ച പുലര്‍ച്ചെ വായു ഗുണനിലവാര സൂചിക 275 ആയിരുന്നെങ്കില്‍ വൈകീട്ടോടെ അത് 358 ലേക്കെത്തിയതായി കണക്കുകള്‍ വ്യക്തമാക്കുന്നു.

വായുഗുണനിലവാര സൂചിക പൂജ്യത്തിനും 50-നും ഇടയിലുള്ളവയാണ് മികച്ചതായി കണക്കാക്കുന്നത്. 51 മുതല്‍ 100 വരെയുള്ളവയെ തൃപ്തികരം എന്നും, 101 മുതല്‍ 200 വരെയുള്ളതിനെ മിതമായതെന്നും, 201-നും 300-നുമിടയിലുള്ളതിനെ മോശം അവസ്ഥയെന്നുമാണ് കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡ് കണക്കാക്കുന്നത്. 301-നും 401-നുമിടയിലുള്ള തോത് വളരെ മോശം അവസ്ഥയും, 400 ന് മുകളില്‍ ഗുരുതരാവസ്ഥയും, 450 മുകളിലെങ്കില്‍ അതീവ ഗുരുതരമെന്നും കണക്കാക്കുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top