പാലക്കാട്:അമ്മയെ ആദ്യം വെട്ടിവീഴ്ത്തി മുറിവില്‍ കീടനാശിനി ഒഴിച്ചു പിന്നീട് അച്ഛനെയും. മാതാപിതാക്കളുടെ കൊല തുറന്ന് പറച്ചിലുമായി മകന്‍. പുതുപ്പരിയാരത്ത് വൃദ്ധ ദമ്പതികള്‍ വീടനകത്ത് ക്രൂരമായി കൊല്ലപ്പെട്ട സംഭവത്തില്‍ ഞെട്ടിക്കുന്ന തുറന്നുപറച്ചിലുമായി മകന്‍. വൃദ്ധ ദമ്പതികളുടെ മകനും കേസിലെ പ്രതിയുമായ സനല്‍ ആണ് പോലീസിന്റെ തെളിവെടുപ്പിനിടെ ക്രൂരമായ കൊലപാത സംഭവം വിവരിച്ചത്. ആദ്യം വെട്ടിയത് അമ്മയെയാണെന്ന് സനല്‍ പറഞ്ഞു. 33 തവണ വെട്ടി. മുറിവുകളില്‍ കീടനാശിനി ഒഴിക്കുകയും ചെയ്തു. മുറിവുകള്‍ വഴി വിഷം കയറാനായിരുന്നു അങ്ങനെ ചെയ്തതെന്നും സനല്‍ പോലീസിനോട് പറഞ്ഞു. കൊലപാതകത്തിനുപയോഗിച്ച അരിവാളും കൊടുവാളും വീടിനകത്തു നിന്നും കണ്ടെടുത്തു. ഈ ആയുധങ്ങളിലുള്ള രക്തക്കറയും മുടിയും പരിശോധനക്കയക്കുമെന്ന് പോലീസ് പറഞ്ഞു.

ഓട്ടൂര്‍ക്കാട് മയൂരത്തില്‍ ചന്ദ്രനും ഭാര്യ ദേവിയുമാണ് കൊല്ലപ്പെട്ടത്. ഞായറാഴ്ച രാത്രിയാണ് സംഭവം. കൊലപാതകത്തിന് ശേഷം മൈസുരുവിലേക്ക് ഒളിവില്‍ പോയ മകന്‍ സനലിനെ സഹോദരന്‍ പാലക്കാട്ടേക്ക് വിളിച്ചു വരുത്തുകയായിരുന്നു. പുതുപ്പെരിയാരത്തെ വീട്ടിലെത്തിയ പ്രതിയെ നാട്ടുകാരുടെ സഹായത്തോടെയാണ് പോലീസിലേല്‍പ്പിച്ചത്. പിടിയിലായ സനല്‍ എറണാകുളത്ത് സി.സി.ടി.വി ടെക്നീഷ്യനായി ജോലി ചെയ്യുകയായിരുന്നു. തിങ്കളാഴ്ച രാവിലെ ഏഴരയോടെ എറണാകുളത്തുള്ള മകള്‍ മാതാപിതാക്കളെ ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ കിട്ടിയിരുന്നില്ല. തുടര്‍ന്ന് അയല്‍വാസിയെ വിളിക്കുകയായിരുന്നു. ഇവര്‍ നടത്തിയ പരിശോധനയിലാണ് വീട്ടനകത്ത് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. വെട്ടുകൊണ്ട് രക്തം വാര്‍ന്ന് മരിച്ച നിലയിലായിരുന്നു. ദേവിയുടെ മൃതദേഹത്തില്‍ 33 വെട്ടുകളും ചന്ദ്രന്റെ മൃതദേഹത്തില്‍ 26 വെട്ടുകളും ഇന്‍ക്വസ്റ്റില്‍ കണ്ടെത്തിയിരുന്നു. ക്രൂരമായ കൊലപാതകത്തിലേക്ക് നയിച്ച കാരണങ്ങള്‍ ഇതുവരെ വ്യക്തമായിട്ടില്ല.

