തിരുവനന്തപുരം: പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിയില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ആനുകൂല്യങ്ങള്‍ വര്‍ധിപ്പിക്കണമെന്ന് സര്‍ക്കാര്‍ നിയോഗിച്ച പുനഃപരിശോധനാ സമിതിയുടെ റിപ്പോര്‍ട്ടില്‍ ശുപാര്‍ശ. ജീവനക്കാരുടെ പെന്‍ഷന്‍ ഫണ്ടിലേക്കുള്ള സര്‍ക്കാര്‍ വിഹിതം വര്‍ധിപ്പിക്കണം. സര്‍ക്കാര്‍ വിഹിതം 10 ശതമാനത്തില്‍ നിന്നും 14 ശതമാനമായി ഉയര്‍ത്തണമെന്നാണ് സമിതിയുടെ ശുപാര്‍ശ.

ജീവനക്കാര്‍ മരിക്കുമ്പോഴോ, വിരമിക്കുമ്പോഴോ ലഭിക്കുന്ന ഡെത്ത് കം റിട്ടയര്‍മെന്റ് ഗ്രാറ്റുവിറ്റി (ഡി.സി.ആര്‍.ജി) അലവന്‍സ് പങ്കാളിത്ത പെന്‍ഷന്‍കാര്‍ക്കും അനുവദിക്കണം. 10 വര്‍ഷത്തെ സേവന കാലയളവ് ഇല്ലാത്തവര്‍ക്ക് സര്‍ക്കാര്‍ എക്‌സ്‌ഗ്രേഷ്യ പെന്‍ഷന്‍ നല്‍കുന്നുണ്ട്. ഇവര്‍ക്കു ഗ്രാറ്റുവിറ്റിക്ക് അര്‍ഹതയില്ല. 10,600 രൂപയാണ് ഏറ്റവും ഉയര്‍ന്ന എക്‌സ്‌ഗ്രേഷ്യ പെന്‍ഷന്‍.

