Kerala

വൈദ്യുതി നിരക്ക് വർധന; പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിക്കാനൊരുങ്ങി കോണ്‍ഗ്രസ്

തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി നിരക്ക് വര്‍ധനവിനെതിരെ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് കോണ്‍ഗ്രസ്. വിലക്കയറ്റത്തിലും നികുതി ഭീകരതയിലും പൊറുതിമുട്ടിയ ജനത്തിന് മേല്‍ ഇരുട്ടടിപോലെ വൈദ്യുതി ചാര്‍ജ്ജ് വര്‍ധിപ്പിച്ച് ഷോക്കടിപ്പിച്ച എല്‍ഡിഎഫ് സര്‍ക്കാരിന്റെ ജനദ്രോഹ ഭരണത്തിനെതിരെ ശക്തമായ പ്രക്ഷോഭ പരിപാടികള്‍ കോണ്‍ഗ്രസ് സംഘടിപ്പിക്കുമെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി ടി യു രാധാകൃഷ്ണന്‍. വൈദ്യുതി നിരക്ക് വര്‍ധനവിനെതിരെ ഡിസിസികളുടെ നേതൃത്വത്തില്‍ ജില്ലാതലത്തില്‍ ഇന്ന് വൈകുന്നേരം സംസ്ഥാന വ്യാപകമായി പന്തം കൊളുത്തി പ്രകടനം നടത്തും. നവംബര്‍ ആറിന് രണ്ടു കോണ്‍ഗ്രസ് ബ്ലോക്ക് കമ്മറ്റികളുടെ നേതൃത്വത്തില്‍ നിയോജക മണ്ഡല തലത്തിലും വൈദ്യുതി ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിക്കും.

അതേസമയം, വൈദ്യുതി നിരക്ക് വർധന ജനങ്ങൾക്ക് ഇരുട്ടടി ആകില്ലെന്ന് വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ചെറിയ വർധന മാത്രമാണ് ഉണ്ടായിരിക്കുന്നത്. എല്ലാ സാമ്പത്തികവർഷവും താരിഫ് പരിഷ്കരണം നടത്തേണ്ടത് റെഗുലേറ്ററി കമ്മീഷന്റെ ചുമതലയാണ്. അല്ലെങ്കിൽ കടമെടുപ്പിനെ ബാധിക്കും. ചെറിയ വർധന മാത്രമാണ് ഉണ്ടായിരിക്കുന്നതെന്നുമാണ് മന്ത്രി പറഞ്ഞത്.

30 ശതമാനം മാത്രമാണ് കേരളത്തിൽ വൈദ്യുതി ഉത്പാദിപ്പിക്കുന്നത്. ബാക്കി 70 ശതമാനം വാങ്ങുകയാണ്. കൽക്കരിയുടെ ഇറക്കുമതി ചാർജ് കേന്ദ്ര സർക്കാർ വർധിപ്പിച്ചു. അവർ ചാർജ് കൂട്ടുമ്പോൾ ഒന്നും ചെയ്യാൻ കഴിയില്ല. ഇലക്ട്രിസിറ്റി ബോർഡിന് നഷ്ടം വന്നാൽ സർക്കാരിന്റെ കടമെടുപ്പിനെ അടക്കം ബാധിക്കും. മഴയുടെ അളവ് കുറഞ്ഞതും ബുദ്ധിമുട്ട് ആയിട്ടുണ്ട്. 80% വെള്ളം കുറഞ്ഞതും പ്രശ്നമാണ്. അതൊക്കെ പരിഹരിക്കാൻ വേറെ എന്താണ് വഴി. കറന്റ്‌ ബില്ല് കൂട്ടാതിരിക്കാൻ വഴിയില്ലെന്നും മന്ത്രി പറഞ്ഞിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top