Kerala

സിപിഎം മലപ്പുറത്ത് സംഘടിപ്പിക്കുന്ന പലസ്തീൻ ഐക്യദാർഢ്യ റാലിയിൽ സമസ്തയും കേരള മുസ്ലീം ജമാ അത്തും പങ്കെടുക്കും

മലപ്പുറം: സിപിഎം ഇന്ന് മലപ്പുറത്ത് പലസ്തീൻ ഐക്യദാർഢ്യ റാലി സംഘടിപ്പിക്കും. ഇന്നു വൈകിട്ട് നാലരക്ക് കോട്ടപ്പടി ബസ് സ്റ്റാന്റ് പരിസരത്ത് നിന്നും തുടങ്ങുന്ന പ്രകടനം കിഴക്കേത്തലയിൽ സമാപിക്കും. പാർട്ടി പൊളിറ്റ് ബ്യൂറോ അം​ഗം എ വിജയരാഘവനാണ് ഉദ്ഘാടകൻ. ഇടത് മുന്നണിയിലെ ഘടകകക്ഷികൾക്ക് പുറമേ സമസ്തയുടെയും കേരള മുസ്ലീം ജമാ അത്തിന്റെയും നേതാക്കൾ റാലിയിൽ പ്രസം​ഗിക്കും.

സമസ്ത നേതാവ് ഉമർ ഫൈസി മുക്കം, കേരളാ മുസ്ലീം ജമാ അത്ത് ജനറൽ സെക്രട്ടറി ഇബ്രാഹിം ഖലീൽ ബുഖാരി തങ്ങൾ തുടങ്ങിയവർ പലസ്തീൻ ഐക്യാദാർഢ്യ സമ്മേളനത്തിൽ പങ്കെടുക്കും. മുസ്ലീം ലീഗ് നേതാക്കളെ പരിപാടിയിലേക്ക് ക്ഷണിച്ചിട്ടില്ലെങ്കിലും പ്രാദേശിക നേതാക്കളും പ്രവർത്തകരും പങ്കെടുക്കുമെന്ന കണക്കുകൂട്ടലിലാണ് സിപിഎം ജില്ലാ നേതൃത്വം.

നേരത്തെ സിപിഎം കോഴിക്കോട് സംഘടിപ്പിച്ച പലസ്തീൻ ഐക്യദാർഢ്യ റാലിയിലേക്ക് മുസ്ലിം ലീഗിന് ഔദ്യോഗിക ക്ഷണമുണ്ടായിരുന്നെങ്കിലും ലീഗ് പങ്കെടുത്തിരുന്നില്ല. യുഡിഎഫിന്റെ കക്ഷിയെന്ന നിലയിൽ പങ്കെടുക്കാൻ കഴിയില്ലെന്ന് നേതൃത്വം അറിയിക്കുകയായിരുന്നു. ആദ്യഘട്ടത്തിൽ ലീഗ് നേതാക്കളുടെ പ്രതികരണങ്ങൾ വന്നതോടെ പങ്കെടുക്കുമെന്ന പ്രതീക്ഷയിലായിരുന്നു സിപിഎം. മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പിഎംഎ സലാം, ഇ ടി മുഹമ്മദ് ബഷീർ എംപി അടക്കമുള്ള നേതാക്കൾ, റാലിയിൽ പങ്കെടുക്കുമെന്ന് വ്യക്തമാക്കിയിരുന്നില്ലെങ്കിലും അനുകൂല സൂചന പ്രതികരണങ്ങളിൽ പ്രകടമായിരുന്നു.

സിപിഎം ക്ഷണിച്ചാൽ പങ്കെടുക്കുമെന്നായിരുന്നു ഇ ടി മുഹമ്മദ് ബഷീറിന്റെ പ്രതികരണം. ലീഗ് നീക്കത്തിലുള്ള പ്രതിഷേധം കോൺഗ്രസ് നേതാക്കളും നേതൃത്വത്തെ അറിയിച്ചിരുന്നു. പോകില്ലെന്ന് ഉറപ്പായതോടെ ലീഗിനെ തഴുകിയും സിപിഎമ്മിനെ രൂക്ഷമായി വിമർശിച്ചും കെപിസിസി പ്രസിഡന്റ് കെ സുധാകരൻ രംഗത്തെത്തി. തലയ്ക്ക് ബോധമില്ലാത്തവരാണ് യുഡിഎഫിന്റെ ഭാഗമായ ലീഗിനെ ക്ഷണിച്ചതെന്നായിരുന്നു സുധാകരന്റെ പ്രതികരണം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top