Kerala

ലക്ഷങ്ങളുടെ വായ്പ തട്ടിപ്പ്; സിപിഎം നേതാവിനെതിരെ പരാതിയുമായി പാര്‍ട്ടി പ്രവര്‍ത്തകർ

കോഴിക്കോട്: സിപിഎം നേതാവിനെതിരെ പരാതിയുമായി സഹകരണ സംഘവും പാര്‍ട്ടി പ്രവര്‍ത്തകരും. ലക്ഷങ്ങളുടെ വായ്പ തട്ടിപ്പ് നടത്തിയ അഭിഭാഷകനും സിപിഎം ഏരിയ കമ്മിറ്റി അംഗവുമായ ഒഎം ഭാരദ്വാജിനെതിരെയാണ് പരാതി. വായ്പ എടുത്ത ശേഷം ഭരദ്വാജ് സംഘത്തെ കബളിപ്പിച്ചെന്നാണ് പരാതി. താന്‍ ലീഗല്‍ അഡ്വൈസറായിരുന്ന സംഘത്തില്‍ നിന്നാണ് ഇയാൾ വായ്പ എടുത്തത്. മുതലും പലിശയും ചേര്‍ത്ത് 17 ലക്ഷത്തോളം രൂപയാണ് ഭാരദ്വാജ് അടയ്ക്കാനുളളത്.

സിപിഎം കോഴിക്കോട് നോര്‍ത്ത് ഏരിയ കമ്മിറ്റി അംഗവും അശോകപുരം ലോക്കല്‍ സെക്രട്ടറിയുമാണ് അഭിഭാഷകനായ ഒ.എം ഭരദ്വാജ്. നിലവില്‍ സിപിഎം നേതൃത്വത്തിലുളള കാലിക്കറ്റ് ടൗണ്‍ സര്‍വീസ് സഹകരണ ബാങ്കിന്‍റ വൈസ് ചെയര്‍മാന്‍. ഭരദ്വാജിനെതിരെ കോഴിക്കോട് എരഞ്ഞിപ്പാലത്ത് പ്രവര്‍ത്തിക്കുന്ന കാലിക്കറ്റ് സിറ്റി ജനത വെല്‍ഫെയര്‍ സഹകരണ സംഘം സെക്രട്ടറി സിപിഎം ജില്ലാ സെക്രട്ടറിക്കും സംസ്ഥാന സെക്രട്ടറിക്കും അടുത്തിടെ പരാതി അയച്ചിരുന്നു.

സംഘത്തില്‍ നിന്നും 2016 മാര്‍ച്ച് 16ന് ഭരദ്വാജ് വസ്തു പണയം വച്ച് ഏഴ് ലക്ഷം രൂപ വായ്പയെടുത്തെന്നും തിരിച്ചടവ് മുടങ്ങിയതിനെ തുടര്‍ന്ന് വസ്തു ജപ്തി ചെയ്യാന്‍ ശ്രമിച്ചെങ്കിലും നിയമ പ്രശ്നങ്ങള്‍ മൂലം കഴിഞ്ഞില്ലെന്നും കത്തിലുണ്ട്. വായ്പയ്ക്ക് ജാമ്യമായി വച്ച സ്ഥലം കോഴിക്കോട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് കോടതിയില്‍ മറ്റൊരു കേസുമായി ബന്ധപ്പെട്ട് ജാമ്യ വസ്തുവായി വച്ചിരിക്കുകയാണെന്നും ഇത് വില്‍ക്കുവാനോ കൈമാറുവാനോ പാടില്ലെന്ന് തഹസില്‍ദാറുടെ ഉത്തരവുണ്ടെന്നും കത്തിലുണ്ട്.

സംഘത്തിന്‍റെ ലീഗല്‍ അഡ്വൈസര്‍ കൂടിയായിരുന്ന ഭരദ്വാജ് മനഃപൂര്‍വം സംഘത്തിനെ വഞ്ചിച്ചതായി പറഞ്ഞാണ് കത്ത് അവസാനിക്കുന്നത്. ഈ കത്ത് പുറത്ത് വന്നിട്ടും നേതൃത്വം അനങ്ങുന്നില്ലെന്ന് കണ്ടതോടെയാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ പേരു വച്ചും അല്ലാതെയും കത്തെഴുതാന്‍ തുടങ്ങിയത്. ഒരു സഹകരണ സംഘത്തില്‍ ക്രമക്കേട് നടത്തിയ ആളെ മറ്റൊരു സഹകരണ സ്ഥാപനത്തിന്‍റെ വൈസ് ചെയര്‍മാന്‍ ആക്കിയത് കോടതി ഉത്തരവുകള്‍ക്കും സഹകരണ രജിസ്ട്രാറുടെ നിര്‍ദ്ദേശങ്ങള്‍ക്കും വിരുദ്ധമാണെന്നും പാര്‍ട്ടി പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top