തിരുവനന്തപുരം: സംസ്ഥാന കൗൺസിലിലെ വിമർശനങ്ങൾക്ക് മറുപടി നൽകി കാനം രാജേന്ദ്രൻ. പ്രതിപക്ഷമുൾപ്പടെ പൊതു ശത്രുവായി കണ്ട് സർക്കാരിനെതിരെ നിൽക്കുകയാണെന്നും അതിനൊപ്പം ചേരാൻ സി.പി.ഐക്ക് ആവില്ലെന്നും കാനം രാജേന്ദ്രൻ പറഞ്ഞു. വിമർശനം സ്വാഭാവികമെന്നും ഇന്ന് വാഴ്ത്തിപ്പാടുന്ന പല സർക്കാരുകൾക്കെതിരെയും പണ്ട് വിമർശനമുണ്ടായിട്ടുണ്ടെന്നുമാണ് കാനം പറഞ്ഞത്. സാമ്പത്തിക പ്രതിസന്ധി മൂലമുള്ള പരിമിതികൾ ഇപ്പോഴുണ്ട്. മുഖ്യമന്ത്രിയുടെ അകമ്പടി ഉൾപ്പടെയുള്ള വിഷയങ്ങളിൽ സി.പി.ഐക്ക് ഉപദേശിക്കാനാവില്ലെന്നും അതൊക്കെ ബന്ധപ്പെട്ടവർ സ്വയം മനസിലാക്കേണ്ട വിഷയമെന്നും കാനം കൂട്ടിച്ചേർത്തു.

സർക്കാരിനെതിരെ അതിരൂക്ഷ വിമർശനവുമായി സി.പി.ഐ സംസ്ഥാന കൗൺസിലിൽ രംഗത്ത് വന്നിരുന്നു. സർക്കാരിന്റേയും മുഖ്യമന്ത്രിയുടേയും മുഖം വികൃതമായെന്നും അത് തിരുത്താതെ മുന്നോട്ടു പോയിട്ട് കാര്യമില്ലെന്നും രണ്ടര വർഷം സർക്കാർ ഒന്നും ചെയ്തില്ലെന്നും മന്ത്രിമാർ മണ്ഡലം സദസിന് പോയിട്ട് ഒരു കാര്യവുമില്ലെന്നുമായിരുന്നു സി.പി.ഐയുടെ വിമർശനം. സി.പി.ഐ മന്ത്രിമാർക്കെതിരെയും കൗൺസിലിൽ വിമർശനമുണ്ടായിരുന്നു. മന്ത്രിമാരുടെ ഓഫീസുകളിൽ ഒന്നും നടക്കുന്നില്ലെന്നും ഒക്കത്തും തോളത്തുമിരുത്തി മന്ത്രിമാരെ വഷളാക്കിയെന്നും സംസ്ഥാന കൗൺസിലിൽ വിമർശിച്ചിരുന്നു.
റവന്യൂ, കൃഷി മന്ത്രിമാരുടെ ഓഫീസുകളിൽ പട്ടിക്കുഞ്ഞു പോലും തിരിഞ്ഞു നോക്കുന്നില്ലെന്നും രണ്ടു മന്ത്രിമാർ ഒരിക്കലും സ്ഥലത്തുണ്ടാകില്ല. മന്ത്രിമാർ തോന്നും പോലെ പ്രവർത്തിക്കുന്നെന്നും മാങ്കോട് രാധാകൃഷ്ണൻ വിമർശിച്ചു. സർക്കാരിനെ നിയന്ത്രിക്കുന്നത് ഭൂമി- ക്വാറി മാഫിയ ആണെന്നും സർവത്ര അഴിമതിയെന്നും ആക്ഷേപം. കോർപ്പറേറ്റ് സംഘത്തിന്റെ പിടിയിലാണ് സർക്കാർ. പൗരപ്രമുഖരെയല്ല മുഖ്യമന്ത്രിയും മന്ത്രിമാരും കാണേണ്ടതെന്നും മുന്നണിയെ ജയിപ്പിച്ചത് സാധാരണക്കാരാണെന്നും സംസ്ഥാന കൗൺസിൽ അഭിപ്രായപ്പെട്ടിരുന്നു.

