കേരളത്തിലെ വിവിധ സ്ഥലങ്ങളിലുള്ള കൊവിഡ് പരിശോധനയുടെ അപാകതകള്‍ പങ്കുവെച്ച് സാമൂഹ്യ പ്രവര്‍ത്തകന്‍ അഷ്‌റഫ് താമരശ്ശേരി. കോവിഡ് ടെസ്റ്റിന്റെ പേരിൽ നടക്കുന്ന ചൂഷണത്തെ തുറന്ന് കാട്ടുകയാണ് ഗള്‍ഫിലെ സാമൂഹികപ്രവര്‍ത്തകന്‍ അഷ്റഫ് ഫേയ്സ്ബുക്ക് കുറിപ്പിലൂടെ. തിരുവനന്തപുരം വിമാനത്താവളത്തില്‍ തനിക്ക് ഉണ്ടായ അനുഭവമാണ് അഷ്‌റഫ് പങ്കുവെക്കുന്നത്.



കഴിഞ്ഞ ദിവസം രാത്രി തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് ഷാര്‍ജയിലേക്ക് പോകുന്നതിന് വേണ്ടി കൊവിഡ് പരിശോധന നടത്തിയെന്നും കൊവിഡ് പോസിറ്റീവായപ്പോള്‍ വീണ്ടും കൊവിഡ് ടെസ്റ്റ് നടത്താന്‍ സാധിക്കുമോ എന്ന് ചോദിച്ചെങ്കിലും അതിന് സമ്മതിച്ചില്ലെന്നും അദ്ദേഹം പറയുന്നു. ‘രണ്ട് ദിവസം മുമ്പ് ഒരു സ്വകാര്യ ചടങ്ങില്‍ പങ്കെടുക്കുവാന്‍ തിരുവന്തപുരത്ത് വന്നതായിരുന്നു. ചടങ്ങ് കഴിഞ്ഞ് രാത്രി ഇന്നലെ 2.55 ന് (ജി9447)തിരുവനന്തപുരത്ത് നിന്ന് ഷാര്‍ജയിലേക്കുളള എയര്‍ അറേബ്യയുടെ വിമാനത്തില്‍ യാത്ര ചെയ്യുവാനുളള തയ്യാറെടുപ്പില്‍ 2490 രൂപ അടച്ച് റാപ്പിഡ് ടെസ്റ്റ് ചെയ്തപ്പോള്‍ റിസള്‍ട്ട് പോസിറ്റീവ്. താങ്കള്‍ക്ക് നിയമപരമായി യാത്ര ചെയ്യുവാന്‍ കഴിയില്ലായെന്നായിരുന്നു ഉദ്യോഗസ്ഥരുടെ മുന്നറിയിപ്പ്. പുറത്തേക്കുളള വഴിയും കാണിച്ച് തന്നു. സമയം നോക്കിയപ്പോള്‍ രാത്രി 11 മണിയായി.

24 മണിക്കൂറിന് മുമ്പ് എടുത്ത ആര്‍.ടി.പി.സി.ആറിന്റെ റിസള്‍ട്ട് ആണെങ്കില്‍ നെഗറ്റീവും.ഒന്നും കൂടി ടെസ്റ്റ് ചെയ്യാമോ എന്ന് ഉദ്യോഗസ്ഥരോട് അപേക്ഷിച്ച് നോക്കി. ഒരു രക്ഷയുമില്ലാത്ത മറുപടി. ഗള്‍ഫില്‍ പോയി കൊറേണ ഒക്കെ കൊണ്ട് വന്നിട്ട് ഇപ്പോള്‍ ഇവിടെത്തെ മെഷീനാണ് കുഴപ്പം,ഇവിടെ നിന്ന് പൊക്കോ സമയം കളയാതെ എന്ന ദാര്‍ഷ്ഠ്യം കലര്‍ന്ന മറുപടിയും,’ അഷ്‌റഫ് പറയുന്നു.

