ന്യൂഡൽഹി: കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ പ്രസംഗിക്കുന്നതിനിടെയുണ്ടായ നാക്കുപിഴയെ പരിഹസിച്ച് ബിജെപി. ‘രാജ്യത്തിനുവേണ്ടി രാഹുൽ ഗാന്ധി മരിച്ചു’ എന്നായിരുന്നു ഖാർഗെ അബദ്ധത്തിൽ പറഞ്ഞത്. രാജീവ് ഗാന്ധി എന്ന് പറയേണ്ടതിന് പകരം രാഹുൽ എന്നാകുകയായിരുന്നു. ഉടൻ തന്നെ അദ്ദഹമത് തിരുത്തുകയും ചെയ്തിരുന്നു. എന്നാൽ, ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ ഉൾപ്പെടെ പങ്കുവെച്ചാണ് ബിജെപിയുടെ പരിഹാസം. “ഇത് എപ്പോഴാണ് സംഭവിച്ചത്?” എന്ന അടിക്കുറിപ്പോടെ ബിജെപി അവരുടെ എക്സ് അക്കൗണ്ടിൽ വീഡിയോ പോസ്റ്റ് ചെയ്തു.

തിരെഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന രാജസ്ഥാനിലെ അനുപ്ഗഡിൽ ഒരു റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് സംഭവം “രാഹുൽ ഗാന്ധിയെപ്പോലുള്ള നേതാക്കൾ ഈ രാജ്യത്തിന്റെ ഐക്യത്തിനായി ജീവൻ സമർപ്പിച്ചു.” എന്നതായിരുന്നു ഖാർഗെയുടെ പരാമർശം. വേദിയിരിക്കുന്നവരിൽ ഒരാൾ ഉടൻ തന്നെ മുന്നറിയിപ്പ് നൽകിയതിനെ തുടർന്ന് ഖാർഗെ സ്വയം തിരുത്തി.
“ഞാൻ മാപ്പ് ചോദിക്കുന്നു. ഞാൻ തെറ്റായി പറഞ്ഞു രാഹുൽ ഗാന്ധി അല്ല, രാജീവ് ഗാന്ധി രാജ്യത്തിന്റെ ഐക്യത്തിന് വേണ്ടി ജീവൻ നൽകി. കോൺഗ്രസിൽ രാജ്യത്തിന് വേണ്ടി ജീവൻ നൽകിയ നേതാക്കളുണ്ട്, ബിജെപിയിൽ ജീവനെടുക്കുന്ന നേതാക്കളുമുണ്ട്.”- മല്ലികാർജുൻ ഖാർഗെ പറഞ്ഞു.
അതേസമയം രാജസ്ഥാനിലെ കോൺഗ്രസ് സർക്കാരിന് പ്രീണന രാഷ്ട്രീയമല്ലാതെ മറ്റൊന്നും ചിന്തിക്കാനാവില്ലെന്നും സനാതന ധർമ്മം ഇല്ലാതാക്കാൻ ശ്രമിക്കുന്നുവെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. വികസനത്തിന് മുൻതൂക്കം നൽകുന്ന ഒരു സർക്കാരാണ് രാജസ്ഥാന് ആവശ്യം. കോൺഗ്രസ് മുൻഗണന നൽകുന്നത് അഴിമതിയ്ക്കും കുടുംബ രാഷ്ട്രീയത്തിനുമാണ്. രാജസ്ഥാനിലെ പാലി ജില്ലയിൽ നടന്ന തിരഞ്ഞെടുപ്പ് റാലിയിലായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം. കോൺഗ്രസിനും സഖ്യകക്ഷികൾക്കും സ്ത്രീവിരുദ്ധ ചിന്താഗതിയാണെന്നും അദ്ദേഹം ആരോപിച്ചു.

