കോഴിക്കോട്: ഫലസ്തീൻ ഐക്യദാർഢ്യ റാലിയിലേക്ക് മുസ്‌ലിം സംഘടന നേതാക്കളെയും ക്രിസ്ത്യൻ സഭാ പ്രതിനിധികളെയും ക്ഷണിക്കും. ഈ മാസം 23ന് കോഴിക്കോട് കടപ്പുറത്താണ് കോൺഗ്രസ് സംഘടിപ്പിക്കുന്ന ഫലസ്തീൻ ഐക്യദാർഢ്യ റാലി. യുഡിഎഫ് ഘടകക്ഷി നേതാക്കൾ അടക്കം വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളും പരിപാടിയിൽ പങ്കെടുക്കും.

ഫലസ്തീൻ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ് കെപിസിസിയുടെ നിർദ്ദേശപ്രകാരം റാലി സംഘടിപ്പിക്കുന്നത്. മലപ്പുറം, വയനാട്, കണ്ണൂർ, കാസർകോട്, കോഴിക്കോട് ജില്ലകളിലെ കോൺഗ്രസ് നേതാക്കളും പ്രവർത്തകരും പങ്കെടുക്കുന്ന പരിപാടി എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ ഉദ്ഘാടനം ചെയ്യും. മുസ്‌ലിം സംഘടനാ നേതാക്കളെ കൂടാതെ ക്രിസ്ത്യൻ സഭാ പ്രതിനിധികളെയും പരിപാടിയിലേക്ക് ക്ഷണിക്കും. യുഡിഎഫ് ഘടകക്ഷി നേതാക്കളും മറ്റു രാഷ്ട്രീയ പാർട്ടി പ്രതിനിധികളും പങ്കെടുക്കും. വി.ഡി സതീശൻ, രമേശ് ചെന്നിത്തല, എംഎം ഹസ്സൻ തുടങ്ങിയ നേതാക്കൾ പങ്കെടുക്കുന്ന പരിപാടിയിൽ ശശി തരൂർ പങ്കെടുക്കുന്നതിൽ തീരുമാനം ആയിട്ടില്ല.

