തൊടുപുഴയില്‍ ബസിനുള്ളില്‍ കണ്ടക്ടര്‍ക്ക് കുത്തേറ്റു. തൊടുപുഴ – ചിലവ് റൂട്ടില്‍ സര്‍വീസ് നടത്തുന്ന അമ്മാസ് ബസിലെ കണ്ടക്ടര്‍ കുമ്മംകല്ല് സ്വദേശി സനൂപി(19)നാണ് അടിവയറില്‍ കുത്തേറ്റത്. തിങ്കളാഴ്ച വൈകീട്ട് അഞ്ചോടെ മങ്ങാട്ടുകവലയ്ക്കു സമീപമാണ് സംഭവം. സ്റ്റാന്‍ഡില്‍ നിന്നു പുറപ്പെട്ട ബസില്‍ കയറിയ യുവാവാണ് യാത്രക്കാരുടെ ഇടയില്‍ വെച്ച് കണ്ടക്ടറെ കത്തികൊണ്ട് അടിവയറ്റില്‍ കുത്തിയത്.

നിരോധിത പുകയില ഉല്‍പന്നങ്ങള്‍ നല്‍കണമെന്ന് ആവശ്യപ്പെട്ട് ബസ് ജീവനക്കാരെ സമീപിച്ച കാര്യം പോലീസിനെ അറിയിച്ചതിന്റെ വൈരാഗ്യമാണ് ആക്രമണത്തിനു കാരണമെന്നാണ് സൂചന. സാരമായി പരുക്കേറ്റ സനൂപിനെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അക്രമം നടത്തിയ യുവാവ് സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള യാത്രക്കാര്‍ ബഹളം വെച്ചതോടെ ബസില്‍ നിന്ന് ഇറങ്ങി കടന്നു കളഞ്ഞു.

