മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിൻ്റെ നിറം വെളുപ്പിൽ നിന്ന് കറുപ്പിലേക്ക് മാറുന്നു.തൂവെള്ള നിറത്തിലുള്ള വാഹനങ്ങൾക്കു പകരം കറുത്ത നിറമുള്ള പുതിയ ഇന്നോവ ക്രിസ്റ്റകളാണ് എത്തുന്നത്. ഇത്തരത്തിലുള്ള നാല് വാഹനങ്ങൾ എത്തുന്നുവെന്നാണ് അറിയുന്നത്.

ഇവ നിരത്തിലിറങ്ങുന്നതോടെ മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം കറുത്തനിറത്തിലേക്ക് മാറും. പുതിയ വാഹനങ്ങൾ വാങ്ങണമെന്ന് മുൻ ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ സർക്കാരിന് ശുപാർശ നൽകിയിരുന്നു. തുടർന്ന് കഴിഞ്ഞ സെപ്റ്റംബറിൽ പുതിയ വാഹനങ്ങൾ വാങ്ങുന്നതിന് 62.46 ലക്ഷം രൂപ അനുവദിക്കുകയും ചെയ്തു. ആദ്യഘട്ടത്തിൽ മൂന്ന് ഇന്നോവ ക്രിസ്റ്റയും ഒരു ടാറ്റ ഹാരിയറും വാങ്ങുമെന്നായിരുന്നു. എന്നാൽ ഇപ്പോൾ നാല് ക്രിസ്റ്റകളാണ് എത്തുന്നത്. നിലവിൽ മുഖ്യമന്ത്രിക്ക് അകമ്പടിയായി പോകുന്നവയിൽ കാലപ്പഴക്കം ചെന്ന വാഹനങ്ങൾ ഒഴിവാക്കും.

