ചങ്ങനാശേരി ∙ സ്കൂട്ടറിൽ റെയിൽവേ സ്റ്റേഷനിലെത്തിയാൽ തിരിച്ചു നടന്നു പോകാം! റെയിൽവേ സ്റ്റേഷനിലെ പാർക്കിങ് ഏരിയയിൽ നിന്ന് ഇരുചക്രവാഹനങ്ങൾ മോഷണം പോകുന്നത് പതിവാകുകയാണ്. ട്രെയിനിൽ ദൂരസ്ഥലങ്ങളിലേക്കു ജോലിക്കു പോകുന്നവർ വാഹനം തിരികെയെടുക്കാൻ എത്തുമ്പോഴാണ് മോഷണം പോയതറിയുക. കഴിഞ്ഞയാഴ്ച സ്റ്റേഷന്റെ പരിസരത്തു നിന്ന് സ്കൂട്ടർ അപഹരിച്ചു. കഴിഞ്ഞ മാസങ്ങളിലും സമാന സംഭവങ്ങളുണ്ടായി. കഴിഞ്ഞ ദിവസം പാർക്ക് ചെയ്തിരുന്ന സൈക്കിൾ മോഷ്ടിക്കാനും ശ്രമം നടന്നു.

തിരുവനന്തപുരത്ത് ജോലി ചെയ്യുന്ന ചങ്ങനാശേരി മതുമൂല സ്വദേശിയുടെ സൈക്കിളാണ് മോഷ്ടിക്കാൻ ശ്രമിച്ചത്. ചങ്ങലയും താഴുമിട്ട് ചെറിയ കുറ്റിയിൽ ചേർത്ത് പൂട്ടിയ സൈക്കിളിന്റെ പൂട്ട് തകർക്കാൻ കഴിയാതെ വന്നതോടെ മോഷ്ടാവ് ശ്രമം ഉപേക്ഷിച്ചു. ഇതിന്റെ ദേഷ്യത്തിൽ കണ്ണാടി തകർത്തും സൈക്കിളിന്റെ കാറ്റഴിച്ചു വിട്ടുമാണ് ഉടമയോട് മോഷ്ടാവ് പ്രതികാരം ചെയ്തത്.
ജോലി കഴിഞ്ഞ് രാത്രി തിരികെ എത്തിയ ഉടമ വീട്ടിലേക്ക് 3 കിലോമീറ്റർ സൈക്കിൾ തള്ളിക്കൊണ്ടാണ് പോയത്. റെയിൽവേ പൊലീസിൽ പരാതി നൽകാൻ ശ്രമിച്ചെങ്കിലും പാർക്കിങ് സ്വകാര്യ കരാർ നൽകിയിരിക്കുന്നതിനാൽ ഇടപെടാൻ കഴിയില്ലെന്നാണ് പൊലീസ് അറിയിച്ചത്. രാത്രി ഏറെ വൈകി എത്തുന്നവരാണ് വാഹനം കാണാതാകുമ്പോൾ ശരിക്കും കുഴഞ്ഞുപോകുന്നത്.

