Kerala

കാറില്‍ കുടുങ്ങിയ പൂച്ചയെ രക്ഷപ്പെടുത്തി

കൊല്ലം: വളർത്തുപൂച്ച വിശ്രമിക്കാനായി കാറിനുള്ളിൽ എൻജിന് ചുവട്ടിൽ കയറിയത് പൊല്ലാപ്പായി. വെള്ളിമൺ സ്വദേശി റോയിയുടെ വളർത്തു പൂച്ചയാണ് ബോണറ്റിനുള്ളിൽ എൻജിൻ ബെൽറ്റിനിടയിൽ കുടുങ്ങിയത്. വിശ്രമിക്കാനായി പൂച്ച കയറിയിരുന്ന സ്ഥലം കാറിനുള്ളിൽ എൻജിന് ചുവട്ടിലാണ്. ഞായറാഴ്ച രാവിലെ അ​ഗ്നിരക്ഷാ സേനയും ജില്ലാ വെറ്ററിനറി കേന്ദ്രത്തിലെ എമർജൻസി ടീമിൻ്റേയും സഹായത്തോടെ നീണ്ട പരിശ്രമത്തിനൊടുവിൽ പൂച്ചയെ പുറത്തെടുത്തു.

രാവിലെ കാർ സ്റ്റാർട്ടാക്കിയപ്പോഴാണ് റോയ് എൻജിൻ ഓണായ ശബ്ദത്തിനൊപ്പം പൂച്ചയുടെ കരച്ചിലും കേട്ടത്. കാർ ഓഫാക്കി പുറത്തിറങ്ങി ചുറ്റും പരതിയപ്പോഴാണ് ശബ്ദം ബോണറ്റിൽനിന്നാണെന്ന് മനസ്സിലായത്. ബോണറ്റ് തുറന്ന് നോക്കിയപ്പോൾ എൻജിൻ ബെൽറ്റുകൾക്കിടയിൽ കുടുങ്ങിക്കിടക്കുന്ന വളർത്തുപൂച്ചയെയാണ് കണ്ടത്.

പൂച്ചയെ പുറത്തെടുക്കാൻ പല ശ്രമങ്ങളും നടത്തിയിട്ടും പരാജയപ്പെടുകയായിരുന്നു. പിന്നാലെ കുണ്ടറ അഗ്നിരക്ഷാസേനയെ ബന്ധപ്പെടുകയായിരുന്നു. അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസറുടെ നേതൃത്വത്തിൽ കാർ ഓഫാക്കാതെ പൂച്ചയെ പുറത്തെടുക്കാനുള്ള ശ്രമങ്ങൾ തുടർന്നെങ്കിലും വിജയിച്ചില്ല. ഒടുവിൽ ജില്ലാ വെറ്ററിനറി കേന്ദ്രത്തിൽ വിവരമറിയിക്കുകയായിരുന്നു. ആംബുലൻസിൽ ഉടൻതന്നെ എമർജൻസി ടീമംഗങ്ങളായ ഷിബുവും അജയനുമടങ്ങുന്ന സംഘം സ്ഥലത്തെത്തി മരുന്നു നൽകി പൂച്ചയെ മയക്കി. ശരീരം ചുരുങ്ങിയ പൂച്ചയെ പുറത്തെടുത്തു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top