തിരുവനന്തപുരം: ഇ ഡി ഉദ്യോഗസ്ഥർക്കെതിരായി വടക്കാഞ്ചേരി നഗരസഭ കൗൺസിലർ പി ആർ അരവിന്ദാക്ഷന്റെ പരാതിയിൽ കേസെടുക്കുന്ന കാര്യത്തിൽ തീരുമാനമായില്ല. ഉദ്യോഗസ്ഥർ വ്യാജമൊഴി നൽകാൻ തന്നെ ക്രൂരമായി മർദ്ദിച്ചുവെന്നാണ് പരാതി. ഇത് സംബന്ധിച്ച് എറണാകുളം സെൻട്രൽ പൊലീസ് അതിവേഗം ഇ ഡി ഓഫീസിൽ എത്തി പ്രാഥമിക പരിശോധന നടത്തിയിരുന്നു.

എന്നാൽ കേന്ദ്ര ഏജൻസികൾക്കെതിരെ കേസെടുക്കുന്നത് കൂടുതൽ ആലോചനകൾക്ക് ശേഷം മതിയെന്നാണ് തീരുമാനം. നേരത്തെ സ്വർണ്ണക്കടത്തിലെ കള്ളപ്പണക്കേസ് അന്വേഷണത്തിനിടയിലും ഇഡി ഉദ്യോഗസ്ഥർ ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. പിന്നീട് ഈ നടപടി കേന്ദ്ര സംസ്ഥാന ഏറ്റ് മുട്ടലിലേക്ക് എത്തിയിരുന്നു.
സഹകരണ ബാങ്ക് ക്രമക്കേട് അന്വേഷണത്തിൽ ഇഡി പിടിമുറുക്കുന്നതും മുതിർന്ന നേതാക്കൾക്ക് എതിരെ ഉയർന്ന ആരോപണങ്ങളും അടക്കം നിലനിൽക്കെ സി പി എം സംസ്ഥാന സെക്രട്ടേറിയറ്റ് ഇന്ന് തിരുവനന്തപുരത്ത് ചേരും. സംസ്ഥാന സമിതി അംഗവും മുൻ മന്ത്രിയുമായ എ സി മൊയ്ദീനെതിരായി നടക്കുന്ന അന്വേഷണം മുതൽ, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി കെ ബിജുവിനെ ലക്ഷ്യം വച്ചുള്ള ഇഡി നീക്കം വരെയുള്ള പ്രതിസന്ധികൾ യോഗത്തിൽ ചർച്ചയാകും. രാഷ്ട്രീയ പ്രേരിത ഇടപെടൽ നടക്കുന്നുവെന്നും സഹകരണ മേഖലയെ തകർക്കാൻ ഗൂഢനീക്കങ്ങളുണ്ടെന്നുമുള്ള നിലപാടിലാണ് സിപിഎം. കേരളീയം പദ്ധതിയുടെ ഭാഗമായി മുഖ്യമന്ത്രിയും മന്ത്രിമാരും നടത്തുന്ന മണ്ഡല സദസ്സുകളുടെ ആലോചനകളും പുതുപ്പള്ളി ഉപതെരഞ്ഞെടപ്പ് വിലയിരുത്തലും നടന്നേക്കും. മന്ത്രിസഭാ പുനസംഘടന ചർച്ചയാകാൻ ഇടയില്ല.നാളെ സംസ്ഥാന സമിതിയോഗവും ഉണ്ട്.

