കൊച്ചി: പെരിയാറില്‍ പത്താം ക്ലാസ് വിദ്യാര്‍ഥിനി മുങ്ങിമരിച്ച സംഭവത്തില്‍ വിദ്യാര്‍ഥിനിയുടെ ആണ്‍ സുഹൃത്ത് അറസ്റ്റില്‍.പ്രായപൂര്‍ത്തിയാകാത്ത പ്രതിയെ ആലുവ നര്‍കോട്ടിക് സെല്‍ ഡിവൈഎസ്പി സക്കറിയാ മാത്യുവിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടി പീഡനത്തിന് ഇരയായതായി ഫോറന്‍സിക് പരിശോധനയില്‍ കണ്ടെത്തിയിരുന്നു. തുടര്‍ന്ന് പൊലീസ് പോക്‌സോ വകുപ്പുകള്‍ ഉള്‍പ്പെടെ ചുമത്തി നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.

സ്‌കൂളിലേക്ക് പോയ പെണ്‍കുട്ടിയെ വൈകുന്നേരമായിട്ടും കാണാതായതോടെ വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കി. പെണ്‍കുട്ടിയെ തടിക്കടവ് പാലത്തിനടുത്ത് കണ്ടതായി പ്രദേശവാസികള്‍ അറിയിച്ചു. സിസിടിവി ദൃശ്യങ്ങളിലും പെണ്‍കുട്ടി ഈ പ്രദേശത്തുകൂടി കടന്നുപോയത് കണ്ടെത്തി. വൈകിട്ടു കുളിക്കാനെത്തിയ കുട്ടികള്‍ പാലത്തിനടുത്ത് പെണ്‍കുട്ടിയുടെ ബാഗും ചെരുപ്പും കണ്ടെത്തി.
തുടര്‍ന്ന് അഗ്‌നിശമന സേനയും പൊലീസും ചേര്‍ന്ന് തിരച്ചില്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല.
പിറ്റേന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. മരണത്തിന് പിന്നില്‍ പ്രണയ നൈരാശ്യമാണെന്ന സംശയം പൊലീസിനുണ്ടായിരുന്നു. മൃതദേഹത്തിലെ പാടുകളില്‍നിന്ന് പെണ്‍കുട്ടി പീഡനത്തിനിരയായതിന്റെ സൂചന ലഭിച്ചു. തുടര്‍ന്നു നടത്തിയ പരിശോധനയിലാണ് പീഡനം സ്ഥിരീകരിച്ചത്. അറസ്റ്റിലായ പ്രായപൂര്‍ത്തിയാകാത്ത പ്രതിയെ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന് മുമ്പില്‍ ഹാജരാക്കി.

