Kerala

തെരഞ്ഞെടുപ്പിൽ മുന്നേറാൻ കേരളത്തിൽ ആറിടത്ത് നോട്ടമിട്ട് ബിജെപി

കോഴിക്കോട്: വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തെ നോട്ടമിട്ട് ബിജെപി. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ആദ്യ ഘട്ട തയ്യാറെടുപ്പുകളിൽ കേരളത്തിലെ ആറു മണ്ഡലങ്ങൾക്ക് പ്രാമുഖ്യം നൽകാനാണ് ബിജെപിയുടെ തീരുമാനം. കേരളത്തിൽ ഏറ്റവുമധികം ചർച്ച ചെയ്യപ്പെടുന്ന മണ്ഡലമായ തൃശൂരിൽ ഈ വട്ടവും ഉയർന്നു വരുന്ന പേര് സുരേഷ് ഗോപിയുടേത് തന്നെയാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പിനു ശേഷം തൃശൂർ കേന്ദ്രീകരിച്ചു സജീവമായി പ്രവർത്തിക്കുന്ന സുരേഷ് ഗോപിക്ക് ജനപ്രീതി വർധിച്ചതായാണു ബിജെപി നേതൃത്വത്തിന്റെ കണ്ടെത്തൽ. അതുകൊണ്ട് തന്നെ ഈ തെരഞ്ഞെടുപ്പിലും തൃശൂരിൽ സുരേഷ് ഗോപി സ്ഥാനാർഥിയാക്കുമെന്നു സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ അറിയിച്ചിരുന്നു.

അതേസമയം സംസ്ഥാനത്തിനു പുറത്തു നിന്നുള്ള ദേശീയ നേതാവിനെ കേരളത്തിൽ മത്സരിപ്പിക്കുമെന്ന അഭ്യൂഹവും ശക്തമായി തുടരുന്നുണ്ട്. തിരുവനന്തപുരം മണ്ഡലത്തില്‍ കേന്ദ്രമന്ത്രിമാരായ നിർ‍മല സീതാരാമൻ, രാജീവ് ചന്ദ്രശേഖർ എന്നീ പേരുകളാണു സജീവം. രാജീവ് ചന്ദ്രശേഖറിന്റെ പേരു പാലക്കാട്ടേക്കും പറയുന്നുണ്ട്. എന്നാൽ സി.കൃഷ്ണകുമാറിനെപ്പോലെ പ്രവർത്തകർക്കു സ്വീകാര്യനായ ആളുള്ളപ്പോൾ പുറത്തു നിന്നു സ്ഥാനാർഥി വേണോ എന്നാണ് ഒരു വിഭാഗത്തിന്റെ ചോദ്യം. കേന്ദ്രമന്ത്രി വി.മുരളീധരന്റെ പേര് ആറ്റിങ്ങലിലേക്കാണു കേൾക്കുന്നത്.

ഗവർണർ സ്ഥാനം വിട്ടു തിരികെയെത്തിയ കുമ്മനം രാജശേഖരന് ഇത്തവണ സീറ്റു നൽകണമെന്നും പത്തനംതിട്ടയിൽ മത്സരിപ്പിക്കണമെന്നും ആർഎസ്എസിന്റെ നിർദേശമുണ്ട്. അതേ സമയം, സിനിമാതാരം ഉണ്ണി മുകുന്ദൻ തയാറാണെങ്കിൽ പത്തനംതിട്ടയിൽ നിർത്താമെന്നും ആലോചിക്കുന്നു. കെ.സുരേന്ദ്രന്റെ പേരും അവിടെ പരിഗണനയിലുണ്ട്. കാസർകോട്ട് പി.കെ.കൃഷ്ണദാസോ കെ.ശ്രീകാന്തോ എന്നതാണു മറ്റൊരു നിർദേശം. എറണാകുളത്ത് അനിൽ ആന്റണി ആകാം എന്ന ചിന്തയുമുണ്ട്. വിനീത ഹരിഹരനെയും എറണാകുളത്തേക്കു പരിഗണിക്കുന്നു. ശോഭാ സുരേന്ദ്രനു ജനപിന്തുണയുള്ള മണ്ഡലം വിട്ടുകൊടുക്കണമെന്ന ചർച്ചകളും നടക്കുന്നുണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top