ഭുവനേശ്വര്‍: ഒഡിഷയില്‍ ഹോട്ടല്‍മുറിയിലെത്തിച്ച് പതിനഞ്ച്കാരിയെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ നാലുപേര്‍ അറസ്റ്റില്‍. ബാലസോര്‍ സ്വദേശിയായ പെണ്‍കുട്ടിയെയാണ് ഹോട്ടല്‍മുറിയിലെത്തിച്ച് മൂന്നുപേർ ചേർന്ന് കൂട്ടബലാത്സംഗം ചെയ്തത്. പ്രതികളെ പോലീസ് പിടികൂടി. പിടിയിലായവരില്‍ മൂന്നുപേരാണ് പെണ്‍കുട്ടിയെ ബലാത്സംഗംചെയ്തതെന്നും മറ്റൊരു പ്രതി പീഡനത്തിന് ഒത്താശചെയ്ത ഹോട്ടല്‍ മാനേജരാണെന്നും പോലീസ് പറഞ്ഞു.

കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവം. പ്രതികളില്‍ ഒരാളെ പെണ്‍കുട്ടിക്ക് നേരത്തെ പരിചയമുണ്ടായിരുന്നു. സ്‌കൂള്‍ പഠനം പാതിവഴിയില്‍ ഉപേക്ഷിച്ച പെണ്‍കുട്ടിയെ ഇയാള്‍ പ്രലോഭിപ്പിച്ച് വീട്ടില്‍നിന്ന് ഇറക്കി. തുടര്‍ന്ന് പ്രതികളായ മറ്റുരണ്ടുപേരും ഇവര്‍ക്കൊപ്പം ചേര്‍ന്നു. മൂന്നുപ്രതികളും പെണ്‍കുട്ടിയെ ഒരു ഹോട്ടലിലേക്കാണ് കൊണ്ടുപോയത്. തുടര്‍ന്ന് വ്യാഴാഴ്ച വൈകിട്ട് മുതല്‍ നിരന്തരം ബലാത്സംഗത്തിനിരയാക്കി. പിറ്റേദിവസമാണ് ഇവര്‍ പെണ്‍കുട്ടിയെ ഹോട്ടലില്‍നിന്ന് വിട്ടയച്ചത്. തുടര്‍ന്ന് വീട്ടിലെത്തിയ പെണ്‍കുട്ടി ദുരനുഭവം വീട്ടുകാരോട് വെളിപ്പെടുത്തുകയായിരുന്നു.
അതിനിടെ, ബലാത്സംഗവിവരം വെളിപ്പെടുത്തിയതിന് പിന്നാലെ 15 വയസ്സുകാരി വിഷം കുടിച്ച് ജീവനൊടുക്കാനും ശ്രമിച്ചു. വിഷം കുടിച്ച് അവശനിലയിലായ പെണ്‍കുട്ടി ഫക്കീര്‍ മൊഹന്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കേസിലെ മൂന്നുപ്രതികളും നിര്‍മാണത്തൊഴിലാളികളാണ്. ഹോട്ടല്‍മുറിയില്‍വെച്ച് പെണ്‍കുട്ടിയെ പീഡിപ്പിക്കുന്ന വീഡിയോകളും ചിത്രങ്ങളും പ്രതികള്‍ മൊബൈല്‍ഫോണില്‍ പകര്‍ത്തിയിരുന്നതായും ഇത് പിടിച്ചെടുത്തതായും പോലീസ് പറഞ്ഞു.

