ഭോപ്പാൽ: മധ്യപ്രദേശിലെ ഉജ്ജയിനിൽ 12 വയസുകാരി ബലാത്സംഗത്തിനിരയായ സംഭവത്തിൽ ഓട്ടോ ഡ്രൈവർ അറസ്റ്റിൽ. മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. 38കാരനായ രാകേഷ് എന്ന ഓട്ടോ ഡ്രൈവർ ആണ് അറസ്റ്റിലായത്. ജീവൻ ഖേരിയിൽ നിന്നും പെൺകുട്ടി ഇയാളുടെ ഓട്ടോയിൽ കയറിയതിന്റെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചതായി പൊലീസ് വ്യക്തമാക്കി.

ഓട്ടോറിക്ഷയിൽ രക്തത്തുള്ളികളും കണ്ടെത്തിയിട്ടുണ്ട്. ഇത് ഫോറൻസിക് പരിശോധനക്ക് വിധേയമാക്കുമെന്നും പൊലീസ് അറിയിച്ചു. കേസുമായി ബന്ധപ്പെട്ട് മൂന്നുപേരെ കൂടി പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവരിൽ ഒരാൾ ഓട്ടോ ഡ്രൈവറാണെന്നാണ് റിപ്പോർട്ട്. കസ്റ്റഡിയിലെടുത്തവരെ ചോദ്യം ചെയ്തുവരികയാണെന്നും, ഇവരുടെ പേരുവിവരങ്ങൾ ഇപ്പോൾ വെളിപ്പെടുത്താനാകില്ലെന്നും സത്ന എസ്പി സച്ചിൻ ശർമ്മ പറഞ്ഞു.

