നീലേശ്വരം :ഓട്ടോറിക്ഷയിൽ കൊണ്ടുപോവുകയായിരുന്ന നാടൻ തോക്കും തിരകളും ചിറ്റാരിക്കൽ പോലീസ് ഭീമനടിയിൽനിന്ന് പിടികൂടി. പോലീസ് ഓട്ടോറിക്ഷക്ക് കൈകാണിക്കുന്നത് കണ്ട് ഉടമ തോക്ക് ഓട്ടോറിക്ഷയിൽ ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ടു. ഓട്ടോയിൽ ലൈസൻസില്ലാത്ത നാടൻതോക്ക് കൊണ്ടുപോകുന്നതായി രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ചിറ്റാരിക്കൽ എസ്.ഐ രവീന്ദ്രനും സംഘവും ചീർക്കയത്ത് ഓട്ടോ തടഞ്ഞുനിർത്തുകയായിരുന്നു. പോലീസിനെ കണ്ടയുടൻ തോക്കും തിരകളും ഉപേക്ഷിച്ച് ഓട്ടോറിക്ഷ യാത്രക്കാരൻ ഓടിരക്ഷപ്പെട്ടു. തോക്ക് പോലീസ് കസ്റ്റഡിയിലെടുത്തു.

നിരവധി കേസുകളിൽ പ്രതിയായ പുങ്കംചാൽ സ്വദേശിയാണ് തോക്ക് ഉപേക്ഷിച്ച് ഓടിരക്ഷപ്പെട്ടതെന്നാണ് പോലീസിന് ലഭിച്ച സൂചന. ഇയാളെ കണ്ടെത്താനായി പോലീസ് അന്വേഷണം ഊർജിതമാക്കി. ഭീമനടി കാട്ടിൽ മൃഗവേട്ടക്കായി കൊണ്ടുപോകുന്ന തോക്കാണ് പിടിയിലായതെന്ന് കരുതുന്നു. മലയോര മേഖലയിൽ നിരവധി ആളുകളുടെ കൈവശം കള്ളത്തോക്കുണ്ടെന്ന് പോലീസിന് രഹസ്യവിവരം ലഭിച്ചിട്ടുണ്ട്. എന്നാൽ ഇവരെ കണ്ടെത്താൻ കഴിയാറില്ല. കുറെ കാലങ്ങളായി മലയോര മേഖലയിൽ നായാട്ട് വ്യാപകമായതായി പരാതി ഉയർന്നിരുന്നു. കർഷകർക്ക് ശല്യമാകുന്ന പന്നികളെ വെടിവെക്കാനുള്ള അനുമതിയുടെ മറവിലും തോക്കുകൾ നിർമിക്കുന്ന സംഘവും ജില്ലയിൽ പ്രവർത്തിക്കുന്നതായും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.

