തിരുവനന്തപുരം: നമുക്കൊരു പ്രധാനമന്ത്രിയെ വേണമെന്നും 2024-ൽ പ്രതീക്ഷയുണ്ടെന്നും എഴുത്തുകാരി അരുന്ധതി റോയ്. ഇപ്പോൾ കേന്ദ്രസർക്കാരിന്റേതായുള്ളത് ഭൂരിപക്ഷത്തിന്റെ ശബ്ദമല്ലെന്നും അവർ പറഞ്ഞു. രാജ്യത്തെ ജനങ്ങളുടെ കാര്യങ്ങളിലൊന്നും പ്രതികരിക്കാത്ത പ്രധാനമന്ത്രിയാണ് നമുക്കുള്ളതെന്നും തിരുവനന്തപുരത്ത് ‘സേവ് ഡെമോക്രസി, സേവ് കോൺസ്റ്റിറ്റ്യൂഷൻ’ എന്ന വിഷയത്തിൽ നടത്തിയ പരിപാടിയിൽ സംസാരിക്കവെ അരുന്ധതി റോയ് പറഞ്ഞു.

‘‘വിദേശരാജ്യങ്ങൾ സന്ദർശിക്കുകയും അവിടെവെച്ച് പ്രസ്താവന നടത്തുകയും ചെയ്യുന്ന പ്രധാനമന്ത്രി ഒരുപത്രസമ്മേളനം നടത്തി രാജ്യത്തെ ജനങ്ങളുടെ കാര്യങ്ങൾ പറഞ്ഞിട്ടില്ല. നമുക്ക് ഒരു പ്രധാനമന്ത്രിയെ വേണം, അല്ലാതെ എന്തുപറയാൻ. 2024-ൽ പ്രതീക്ഷയുണ്ട്. ഇപ്പോൾ കേന്ദ്രസർക്കാരിന്റേതായുള്ളത് ഭൂരിപക്ഷത്തിന്റെ ശബ്ദമല്ല. ചെറിയഭാഗത്തിന്റെ പെരുപ്പിച്ച ശബ്ദമാണത്. ഒരു ഭരണാധികാരിയും ഒരു കോർപ്പറേറ്റും എന്നരീതിയിൽ എല്ലാം ഒന്നാകുന്ന സ്ഥിതി. അത് രാജ്യത്തെ ഭൂരിപക്ഷംവരുന്ന ജനങ്ങൾക്ക് തിരിച്ചറിയാനാകുമെന്നാണ് പ്രതീക്ഷ‘‘.- അരുന്ധതി റോയ്പറഞ്ഞു.
ജനങ്ങളെ അനുസരണശീലരാക്കുകയെന്നതാണ് പുതിയ രീതിയെന്നും അവർ ചൂണ്ടിക്കാട്ടി. ചോദ്യങ്ങൾ ഉണ്ടാകുകയെന്നതാണ് ഒരു ജനാധിപത്യരാജ്യത്തിൽ പ്രാഥമികമായി ഉണ്ടാകേണ്ടത്. അറിയാനും ചോദിക്കാനും അനുമതിയില്ലാതാകുന്ന സ്ഥിതിയാണ് സംഭവിക്കുന്നത്. ആ നിഷേധമാണ് ദേശവിരുദ്ധതയെന്നും അരുന്ധതി പറഞ്ഞു.

