ന്യൂഡൽഹി: അരുണാചൽ പ്രദേശിൽ ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങിന്റെ കോലം കത്തിച്ചു. സംസ്ഥാനത്തെ മൂന്ന് വുഷു താരങ്ങൾക്ക് ഏഷ്യൻ ഗെയിംസിൽ പങ്കെടുക്കുന്നതിനായുളള വിസ നിഷേധിച്ചതിൽ പ്രതിഷേധിച്ചായിരുന്നു ചൈനീസ് പ്രസിഡന്റിന്റെ കോലംകത്തിച്ചത്. അരുണാചൽ പ്രദേശിലെ തേസു നഗരത്തിലാണ് പ്രതിഷേധം നടന്നത്.

അഖില ഭാരതീയ വിദ്യാർത്ഥി പരിഷത്തിന്റെ ലോഹിത് യൂണിറ്റ്, ഓൾ അരുണാചൽ പ്രദേശ് യുവജന സംഘടന, തിരപ്, ചാങ്ലാങ്, ലോംഗ്ഡിംഗ് സ്റ്റുഡന്റ്സ് യൂണിയൻ എന്നിവയുടെ സഹകരണത്തോടെയാണ് സംസ്ഥാനത്ത് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചത്. ടൗണിലെ ക്ലോക്ക് ടവറിൽ നിന്ന് ഗാന്ധി ചൗക്കിലേക്ക് നടന്ന പ്രതിഷേധ മാർച്ചിൽ കായിക താരങ്ങൾക്ക് നീതി ലഭ്യമാക്കണമെന്നും അവർ ആവശ്യപ്പെട്ടു. ലോഹിത് ജില്ലാ സ്റ്റുഡന്റ്സ് യൂണിയൻ അംഗങ്ങളും പൊതുജനങ്ങളും കൂടാതെ വിവിധ സ്‌കൂളുകളിൽ നിന്നുള്ള മുന്നൂറിലധികം വിദ്യാർത്ഥികളും പ്രതിഷേധ മാർച്ചിൽ പങ്കെടുത്തു.
ഒനിലു ടെഗ, നെയ്മാൻ വാങ്സു, മെപുങ് ലാംഗു എന്നിവർക്കാണ് ചൈനയിലെ ഹാങ്ഷൂവിൽ നടക്കുന്ന ഏഷ്യൻ ഗെയിംസിൽ പങ്കെടുക്കാൻ കഴിയാതെ പോയത്. അരുണാചൽ പ്രദേശിൽ നിന്ന് ആദ്യമായി മൂന്ന് അത്ലറ്റുകൾ ഏഷ്യൻ ഗെയിംസിന് യോഗ്യത നേടിയെങ്കിലും അവരുടേതല്ലാത്ത തെറ്റിന്റെ പേരിൽ മത്സരത്തിൽ നിന്ന് വിട്ടുനിൽക്കേണ്ടതായി വന്നു. എന്നാൽ സംസ്ഥാന കായിക നയം അനുസരിച്ച്, ഏഷ്യൻ ഗെയിംസിൽ പങ്കെടുക്കുന്ന ഒരു കായികതാരത്തിന് നൽകുന്ന 20 ലക്ഷം രൂപ അവർക്ക് നൽകുമെന്ന് മുഖ്യമന്ത്രി ഖണ്ഡു പറഞ്ഞു. കായികതാരങ്ങൾക്ക് നൽകുന്ന സമ്മാനത്തിന്റെ 10 ശതമാനം കോച്ച് മൈബം പ്രേംചന്ദ്ര സിംഗിനും നൽകുമെന്നും അദ്ദേഹം പറഞ്ഞു.
യുവ വുഷു കളിക്കാരോട് സംവദിച്ച ഖണ്ഡു, ജപ്പാനിലെ ടോക്കിയോയിൽ നടക്കാനിരിക്കുന്ന 2026 ലെ ഏഷ്യൻ ഗെയിംസിനായി കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാനും കഠിനമായി പരിശീലിക്കാനും പറഞ്ഞു.

