തിരുവനന്തപുരം: ഗവർണർ – സർക്കാർ പോരിനിടെ സംസ്ഥാന ശിശുക്ഷേമ സമിതി രക്ഷാധികാരി സ്ഥാനത്ത് നിന്ന് ഗവർണർ ഒഴിഞ്ഞു. അഴിമതിയും കെടുകാര്യസ്ഥതയും ആരോപിച്ച് നിരവധി പരാതികൾ ലഭിച്ച സാഹചര്യത്തിലാണ് തീരുമാനമെന്ന് ഗവർണർ വ്യക്തമാക്കി. സർക്കാരിനോട് അന്വേഷണം ആവശ്യപ്പെടുന്ന കാര്യം പരിഗണിക്കുമെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ സാമ്പത്തിക ക്രമക്കേട് ആരോപണങ്ങളിൽ വസ്തുത ഇല്ലെന്നാണ് ശിശുക്ഷേമ സമിതിയുടെ വിശദീകരണം.

സാമ്പത്തിക ക്രമക്കേട് ആരോപണം ഉൾപ്പടെ സംസ്ഥാന ശിശുക്ഷേമ സമിതിക്കെതിരെ നാളുകൾക്ക് മുൻപ് രാജ് ഭവനിൽ പല പരാതികളും ലഭിച്ചിരുന്നു. ലഭിച്ച പരാതികൾ ഗവർണർ കേന്ദ്ര സാമൂഹ്യ നീതി മന്ത്രാലയത്തിന് കൈമാറി. പരാതികൾ ഉയർന്ന പശ്ചാത്തലത്തിൽ സമിതിയുടെ രക്ഷാധികാരി സ്ഥാനത്ത് ഗവർണറുടെ പേര് ഉണ്ടാകുന്നത് ശരിയല്ലെന്നായിരുന്നു സാമൂഹ്യ നീതി മന്ത്രാലയത്തിൻ്റെ ശുപാർശ. ഇതേ തുടർന്നാണ് ചുമതല ഒഴിയാൻ ഗവർണർ തീരുമാനിച്ചത്.
ആഴ്ചകൾക്ക് മുൻപുള്ള സംഭവമാണെങ്കിലും വിഷയം വീണ്ടും ചർച്ചയായ സാഹചര്യത്തിൽ സർക്കാരിനോട് അന്വേഷണം ആവശ്യപ്പെടുന്ന കാര്യം പരിഗണിക്കുമെന്നും ഗവർണർ പറഞ്ഞു. രക്ഷാധികാരി സ്ഥാനത്തുനിന്ന് മാറ്റാൻ ആവശ്യപ്പെട്ട ശേഷവും ശിശുക്ഷേമ സമിതിയുടെ വെബ് സൈറ്റിൽ തന്റെ ചിത്രങ്ങളും പേരും ഉപയോഗിച്ചതിൽ ഗവർണർ ചീഫ് സെക്രട്ടറിയെ അതൃപ്തി അറിയിച്ചിരുന്നു. പിന്നാലെ പേരും ചിത്രങ്ങളും നീക്കിയിട്ടുണ്ട്.

