Kerala

സാറിന് ബാത്ത്‌റൂമില്‍ പോകണോ…? ഏത് റൂമില്‍ വേണമെങ്കിലും കേറിക്കോ അഞ്ച് പൈസ തരണ്ട, ഞാനാ പറയുന്നേ, ഈ തങ്കപ്പന്‍

കോട്ടയം :പാലാ :സാറിന് ബാത്ത്‌റൂമില്‍ പോകണോ…? ഏത് റൂമില്‍ വേണമെങ്കിലും കേറിക്കോ അഞ്ച് പൈസ തരണ്ട, ഞാനാ പറയുന്നേ, ഈ തങ്കപ്പന്‍… !!!അടിച്ച് പിമ്പരിയായി നിന്ന തങ്കപ്പന്‍ (60) കൈകൊണ്ട് നെഞ്ചിലടിച്ച് പാലാ സി.ഐ.യോട് ഉറപ്പുപറഞ്ഞു. “പൈസയില്ലെങ്കിലും സാറ് കേറിക്കോ, ഞാന്‍ കാര്യമേറ്റു” വീണ്ടും ഉറപ്പ് ആവര്‍ത്തിച്ച തങ്കപ്പനെ അപ്പോള്‍തന്നെ പാലാ സി.ഐ. കെ.പി. ടോംസണ്‍ പൊക്കി.

പാലാ കൊട്ടാരമറ്റം ബസ് സ്റ്റാന്‍ഡിലെ കംഫര്‍ട്ട് സ്റ്റേഷനിലെ ജീവനക്കാരനായ തങ്കപ്പന്‍ മദ്യലഹരിയിലായിരുന്നു. ഈ സമയത്താണ് സി.ഐ.യുടെയും കൺട്രോൾ റൂം എസ്. ഐ. ബൈജുവിൻ്റേയും ഷാഡോ പോലീസിന്റെയും വരവ്. അങ്ങനെയാണ് തങ്കപ്പന്‍ കുടുക്കില്‍പെട്ടത്.

പാലാ കൊട്ടാരമറ്റം ബസ് സ്റ്റാന്‍ഡിലും ടൗണ്‍ ബസ് സ്റ്റാന്‍ഡിലും സാമൂഹ്യവിരുദ്ധരുടെയും മദ്യമയക്കുമരുന്ന് സംഘങ്ങളുടെയും ശല്യം രൂക്ഷമാണെന്ന പരാതി ഉയര്‍ന്ന സാഹചര്യത്തില്‍ പാലാ ഡി.വൈ.എസ്.പി. ഷാജു ജോസിന്റെ പ്രത്യേക നിര്‍ദ്ദേശപ്രകാരമാണ് സി.ഐ. ടോംസണും എസ്.ഐ. ബൈജുവും ഷാഡോ സംഘവും കൊട്ടാരമറ്റം, ടൗണ്‍ ബസ് സ്റ്റാന്‍ഡുകളില്‍ മിന്നല്‍ പരിശോധന നടത്തിയത്. ടൗണ്‍ ബസ് സ്റ്റാന്‍ഡിലെ കംഫര്‍ട്ട് സ്റ്റേഷന്‍ ജീവനക്കാരന്‍ മാത്യു ജോര്‍ജ്ജിനെയും (38) മദ്യപിച്ച നിലയില്‍ കണ്ടതിനെ തുടര്‍ന്ന് സി.ഐ. പിടികൂടി. ഇരുവരെയും പാലാ ജനറല്‍ ആശുപത്രിയില്‍ പരിശോധന നടത്തുകയും മദ്യപിച്ചതായി തെളിയുകയും ചെയ്തതായി പോലീസ് പറഞ്ഞു. ഇരുവര്‍ക്കുമെതിരെ കേസ് എടുത്ത ശേഷം ജാമ്യത്തിൽ വിട്ടയച്ചു.

 

കൊട്ടാരമറ്റം ബസ് സ്റ്റാന്‍ഡിലെ കംഫര്‍ട്ട് സ്റ്റേഷന്‍ ജീവനക്കാരന്‍ ഡ്യൂട്ടി സമയത്ത് മദ്യപിച്ചിരുന്നതുമൂലം സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള ജീവനക്കാര്‍ക്ക് കംഫര്‍ട്ട് സ്റ്റേഷനില്‍ കയറുന്നതിന് ബുദ്ധിമുട്ടുണ്ടെന്ന് പരാതി ഉയര്‍ന്നിരുന്നു.മദ്യപിച്ച നിലയില്‍ പിടിയിലായ കംഫര്‍ട്ട് സ്റ്റേഷന്‍ ജീവനക്കാരെക്കുറിച്ച് പാലാ നഗരസഭാ അധികാരികള്‍ക്ക് ഇന്ന് റിപ്പോര്‍ട്ട് നല്‍കുമെന്ന് പോലീസ് അറിയിച്ചു. കരാറുകാരെ വിളിച്ചുവരുത്തി ഇത്തരം ജീവനക്കാരെ മേലില്‍ കംഫര്‍ട്ട് സ്റ്റേഷനില്‍ നിയമിക്കരുതെന്ന് ആവശ്യപ്പെടുമെന്ന് പാലാ നഗരസഭാ അധികാരികള്‍ പറഞ്ഞു.

 

കൊട്ടാരമറ്റം ബസ് സ്റ്റാന്‍ഡില്‍ പട്ടാപ്പകല്‍ അടച്ചിട്ട ബസിനുള്ളില്‍ പതിമൂന്നുകാരിയെ പീഡിപ്പിച്ച സംഭവത്തെ തുടര്‍ന്നാണ് പോലീസ് കര്‍ശനമായ തുടര്‍പരിശോധനകള്‍ ആരംഭിച്ചത്. കൊട്ടാരമറ്റം ബസ് ടെര്‍മിനിനുള്ളിലെ നടകളിലും മുകൾ നിലകളിലും പെണ്‍കുട്ടികളും യുവാക്കളുമൊക്കെയെത്തി പകല്‍ പോലും അനാശാസ്യ നടപടികള്‍ നടത്തുന്നതായി പോലീസിന് വിവരം ലഭിച്ചിരുന്നു. സ്റ്റാൻഡിലെ വ്യാപാരികളും ഇത്തരക്കാരെക്കൊണ്ട് പൊറുതി മുട്ടിയിരുന്നു. ഇതേ തുടര്‍ന്നാണ് പരിശോധന കര്‍ശനമാക്കിയത്.

 

വരുംദിവസങ്ങളിലും ഇരു ബസ്റ്റാന്‍ഡുകളിലും മറ്റ് പൊതുയിടങ്ങളിലും പരിശോധനകള്‍ തുടരുമെന്നും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നിയമനടപടി സ്വീകരിക്കുമെന്നും പാലാ സി.ഐ. കെ.പി. ടോംസണ്‍ പറഞ്ഞു.ബസ് സ്റ്റാൻഡുകളിലും മറ്റു പൊതുയിടങ്ങളിലും സാമൂഹ്യ വിരുദ്ധ ശല്യമോ, മദ്യപരുടെ ശല്യമോ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ പാലാ പോലീസ് സ്റ്റേഷനിലോ – O4822- 21 2334, 9497 987080 ( സി.ഐ. കെ.പി.ടോംസൺ), 9497 980337 ( എസ്. ഐ. അഭിലാഷ് എം.ഡി.) എന്നിവരുടെ നമ്പരിലോ ഏതു സമയത്തും വിളിക്കാം.

സുനിൽ പാലാ 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top