തിരുവനന്തപുരം: കൊല്ലം കടയ്ക്കലിൽ പിഎഫ്ഐക്കാർ ആക്രമിച്ചെന്ന സൈനികന്റെ വ്യാജ പരാതിയിൽ പ്രതികരിച്ച് വെട്ടിലായ ബിജെപി ദേശീയ സെക്രട്ടറി അനിൽ ആന്റണി മറുപടിയുമായി രംഗത്ത്. താൻ പരാമർശിച്ച സൈനികനും അയാളുടെ സുഹൃത്തും വ്യാജൻമാരാണെന്നു തെളിഞ്ഞെങ്കിലും തീവ്ര ഇസ്‌ലാമിസ്റ്റുകളുടെ അപകടകരമായ പ്രഭവകേന്ദ്രമായി കേരളം മാറുന്നുവെന്ന വസ്തുത ഇല്ലാതാകുന്നില്ലെന്ന് അനിൽ ആന്റണി പറഞ്ഞു. എക്സ് പ്ലാറ്റ്ഫോമിൽ (ട്വിറ്റർ) പങ്കുവച്ച കുറിപ്പിലൂടെയായിരുന്നു പ്രതികരണം.

‘‘ഭീകരവാദത്തോട് അനുഭാവം പുലർത്തുന്ന ചില രാഷ്ട്രീയക്കാർ, മാധ്യമങ്ങൾ, ഫാക്ട് ചെക്ക് നടത്തുന്നവർ തുടങ്ങിയവർ ഉള്‍പ്പെടുന്ന ഒരു വലിയ സംഘം, രണ്ടു ദിവസം മുൻപ് ഞാൻ നടത്തിയ ചില പ്രസ്താവനകളിൽ അസ്വസ്ഥരായിക്കണ്ടു. ഞാൻ പരാമർശിച്ച സൈനികനും അയാളുടെ സുഹൃത്തും വ്യാജൻമാരാണെന്നു തെളിഞ്ഞെങ്കിലും തീവ്ര ഇസ്‌ലാമിസ്റ്റുകളുടെ അപകടകരമായ പ്രഭവകേന്ദ്രമായി കേരളം മാറുന്നുവെന്ന വസ്തുത ഇല്ലാതാകുന്നില്ല.
ഐഎസുമായി ബന്ധമുള്ള പോപ്പുലർ ഫ്രണ്ടിന്റെ ഒന്നിലധികം രഹസ്യ നീക്കങ്ങളാണ് കഴിഞ്ഞ ഏതാനും മാസങ്ങൾക്കിടെ ദേശീയ അന്വേഷണ ഏജൻസി തകർത്തത്. ഈ ഭീകരസംഘടനകൾക്ക് അതീവ രഹസ്യസ്വഭാവമുള്ള വിവരങ്ങൾ ചോർത്തി നൽകിയതിന് ഒരു കേരള പൊലീസ് ഓഫിസറെ സസ്പെൻഡ് ചെയ്തതും അടുത്തിടെയാണ്.

