Crime

അമേരിക്കയിൽ മലയാളി യുവതിയെ ഭർത്താവ് വെടിവച്ചതിന് പിന്നിൽ സാമ്പത്തിക പ്രശ്നങ്ങളെ തുടർന്നുള്ള തർക്കം; കുറ്റം സമ്മതിച്ച് അമൽ

കോട്ടയം: അമേരിക്കയിൽ മലയാളി യുവതിയെ ഭർത്താവ് വെടിവച്ചതിന് പിന്നിൽ സാമ്പത്തിക പ്രശ്നങ്ങളെ തുടർന്നുള്ള തർക്കമെന്ന് പൊലീസ്. അമേരിക്കയിൽ താമസമാക്കിയ ഉഴവൂർ കുന്നാംപടവിൽ മീര ഏബ്രഹാമി(30)നെയാണു ഭർത്താവ് ഏറ്റുമാനൂർ പഴയമ്പിള്ളി അമൽ റെജി (30) വെടിവച്ചത്.

രണ്ട് മാസം ഗർഭിണിയായിരുന്ന മീരയുടെ ഗർഭസ്ഥശിശു രക്തസ്രാവം മൂലം മരിച്ചു. പത്ത് തവണയാണ് അമൽ മീരയുടെ നേർക്ക് നിറയൊഴിച്ചത്. മീരയുടെ കണ്ണിനും വാരിയെല്ലിനുമാണു വെടിയേറ്റത്. ആശുപത്രിയിൽ ചികിത്സയിലുള്ള മീരയുടെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്ന്
ആശുപത്രി അധികൃതർ അറിയിച്ചു. അമലിനെതിരെ വധശ്രമത്തിനും ഗർഭസ്ഥശിശുവിന്റെ കൊലപാതകത്തിനും കേസെടുത്തു. ഇയാൾ പൊലീസിന്റെ കസ്റ്റഡിയിലാണ്. കുറ്റം സമ്മതിച്ചതായി പൊലീസ് അറിയിച്ചു.

വീട്ടിൽ വെച്ച് ആരംഭിച്ച വഴക്ക് മറ്റു ബന്ധുക്കൾ അറിയാതിരിക്കാൻ ഇരുവരും കാറിൽ കയറി പുറത്തേക്കു പോയി. കാറിലുണ്ടായ തർക്കത്തിനിടെ അമൽ കൈവശമുണ്ടായിരുന്ന തോക്കു കൊണ്ടു മീരയെ വെടിവയ്ക്കുകയായിരുന്നു. തുടർന്ന് ഒരു പള്ളിയുടെ പാർക്കിങ് ഏരിയയിലേക്കു വാഹനം ഓടിച്ചുകയറ്റി. ഇവരുടെ താമസസ്ഥലത്തു നിന്ന് അരക്കിലോമീറ്റർ മാത്രം അകലെയാണു പള്ളി. അമേരിക്കൻ സമയം തിങ്കളാഴ്ച രാത്രി 7.30ന് (ഇന്ത്യൻ സമയം ചൊവ്വാഴ്ച രാവിലെ 7) ആണു സംഭവം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top