കൊച്ചി: മകളെ ക്രൂരമായി പീഡിപ്പിച്ച് കൊന്ന അസഫാക് ആലത്തിനു വധ ശിക്ഷ തന്നെ നൽകണമെന്നു ആലുവയിലെ അഞ്ച് വയസുകാരിയുടെ മാതാപിതാക്കൾ. മനുഷ്യ രൂപം പൂണ്ട രാക്ഷസനാണ് അയാൾ. ഇനിയൊരു കുഞ്ഞിനും ഇതുപോലൊരു ഗതികേട് ഉണ്ടാകരുതെന്നും മാതാപിതാക്കൾ വ്യക്തമാക്കി.

തങ്ങളുടെ മകളെ കൊന്ന അയാൾക്ക് ജീവിക്കാൻ അവകാശമില്ല. പുറത്തു വന്നാൽ അയാൾ ഇത് വീണ്ടും ആവർത്തിക്കും. അയാൾ മനുഷ്യനല്ലെന്നും മാതാപിതാക്കൾ പറഞ്ഞു.
ആലുവയിൽ അതിഥി തൊഴിലാളിയുടെ അഞ്ച് വയസുള്ള മകളെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചു കൊന്ന കേസിലെ പ്രതി അസഫാക് ആലത്തിനു (28) വിചാരണ കോടതി ഇന്ന് ശിക്ഷ വിധിക്കും. ബിഹാർ സ്വദേശിയാണ് അസഫാക്. ശിക്ഷയില്‍ വാദം കേള്‍ക്കല്‍ പൂര്‍ത്തിയാക്കിയ എറണാകുളം പോക്‌സോ കോടതി വിധി പ്രഖ്യാപനം ശിശു ദിനമായ ഇന്നത്തേക്ക് മാറ്റിയിരുന്നു.
ഇന്ന് രാവിലെ 11 മണിക്ക് കോടതി വിധി പറയും. ജഡ്ജി കെ സോമനാണ് ശിക്ഷാ വിധി പ്രഖ്യാപിക്കുക. വധശിക്ഷ വരെ ലഭിക്കാവുന്ന അഞ്ചു കുറ്റങ്ങള്‍ അടക്കം ഗൗരവസ്വഭാവമുള്ള 16 കുറ്റങ്ങളാണ് അസഫാക് ആലത്തിനെതിരെ കോടതി കണ്ടെത്തിയിട്ടുള്ളത്. ക്രൂരമായ കുറ്റകൃത്യം ചെയ്ത അസഫാക്കിന് വധശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടിരുന്നു. പ്രതി കൃത്യം നടത്തിയ രീതി അപൂര്‍വങ്ങളില്‍ അപൂര്‍വമാണ്. ബലാത്സംഗത്തിന് ശേഷം അഞ്ചുവയസ്സുകാരിയെ ക്രൂരമായ കൊലപ്പെടുത്തി. മാലിന്യം വലിച്ചെറിയുന്ന ലാഘവത്തോടെ കുട്ടിയെ മറവു ചെയ്തു.

