കൊച്ചി: ആലുവയിൽ അഞ്ച് വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ വിചാരണ കോടതി ഇന്ന് ശിക്ഷാവിധി പ്രഖ്യാപിക്കും. രാവിലെ 11 മണിക്ക് എറണാകുളം പ്രത്യേക പോക്‌സോ കോടതിയാണ് വിധി പറയുന്നുത്. പ്രതി അസഫാക് ആലമിന്റെ ശിക്ഷയിന്മേല്‍ വ്യാഴാഴ്ചയാണ് വാദം പൂര്‍ത്തിയായത്. തുടര്‍ന്നാണ് ശിക്ഷ പ്രഖ്യാപിക്കാന്‍ മാറ്റിയത്.

പ്രതിക്ക് വധശിക്ഷ നല്‍കണമെന്നാണ് പ്രൊസിക്യൂഷന്റെയും കൊല്ലപ്പെട്ട കുട്ടിയുടെ കുടുംബത്തിന്റെയും ആവശ്യം. പ്രായവും സാമൂഹിക-സാമ്പത്തിക സാഹചര്യങ്ങളും പരിഗണിച്ച് വധശിക്ഷ നല്‍കരുതെന്നാണ് ഡിഫന്‍സ് കോണ്‍സല്‍ ആവശ്യപ്പെട്ടത്. കുറ്റകൃത്യം നടന്ന് നൂറാം ദിവസം അതിവേഗ വിചാരണയിലൂടെ പ്രതിയെ കുറ്റക്കാരനെന്ന് കണ്ടെത്തി. നൂറ്റി പത്താം ദിവസമാണ് ശിക്ഷാവിധി പ്രഖ്യാപിക്കുന്നത്.
ജൂലൈ 27നാണ് അസ്ഫാക് ആലം അതിഥി തൊഴിലാളി കുടുംബത്തിലെ അഞ്ചുവയസുകാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത് ക്രൂരമായി കൊലപ്പെടുത്തിയത്. തൊട്ടടുത്ത ദിവസം ആലുവ മാർക്കറ്റിന് പിന്നിൽ മൃതദേഹം ചാക്കിൽ കെട്ടിയ നിലയിൽ കണ്ടെത്തുകയായിരുന്നു.

