കൊച്ചി: ആലുവ ആലങ്ങാട്ട് ദുരഭിമാനക്കൊലയില്‍ പത്താംക്ലാസുകാരിയുടെ പോസ്റ്റ് മോര്‍ട്ടം ഇന്ന് നടക്കും. ഇതരമതസ്ഥനുമായുള്ള പ്രണയത്തിന്റെ പേരില്‍ പിതാവ് കളനാശിനി കുടിപ്പിച്ച പെണ്‍കുട്ടി ചികിത്സയിലിരിക്കെ ഇന്നലെ വൈകീട്ടാണ് മരിച്ചത്. കളമശ്ശേരി മെഡിക്കല്‍ കോളജില്‍ രാവിലെ പോസ്റ്റ്‌മോര്‍ട്ടം നടക്കും.

ഉച്ചയോടെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കിയേക്കും. ഒക്ടോബര്‍ 29 ന് രാവിലെയാണ് കേസിന് ആസ്പദമായ സംഭവമുണ്ടാകുന്നത്. സഹപാഠിയായ ഇതര മതസ്ഥനുമായുള്ള പ്രണയത്തെച്ചൊല്ലി പെണ്‍കുട്ടിയും പിതാവും തമ്മില്‍ വഴക്കിലായിരുന്നു. സഹപാഠിയെ പിതാവ് താക്കീത് ചെയ്യുകയും ചെയ്തിരുന്നു. സംഭവദിവസം പെണ്‍കുട്ടിയുടെ കയ്യില്‍ നിന്നും മൊബൈല്‍ഫോണ്‍ കണ്ടെടുത്തു. ഇതേത്തുടര്‍ന്ന് പ്രണയത്തില്‍ നിന്നും പിന്മാറണമെന്ന് ആവശ്യപ്പെട്ട് പിതാവ് പെണ്‍കുട്ടിയെ ക്രൂരമായി മര്‍ദ്ദിച്ചു. അമ്മയെയും സഹോദരനെയും വീടിന് പുറത്താക്കി, പിതാവ് പെണ്‍കുട്ടിയെ കമ്പി വടി കൊണ്ട് തല്ലിച്ചതച്ചു.
തുടര്‍ന്ന് കളനാശിനി പെണ്‍കുട്ടിയുടെ വായിലേക്ക് ഒഴിച്ചു കൊടുത്തു. മാതാവും സഹോദരനും വീടിനുള്ളില്‍ ചെന്നപ്പോള്‍ പെണ്‍കുട്ടി വിഷം ഉള്ളില്‍ ചെന്ന് അവശനിലയിലായിരുന്നു. പത്തു ദിവസത്തോളം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ അത്യാസന്ന നിലയില്‍ കഴിഞ്ഞ ശേഷമാണ് പെണ്‍കുട്ടി മരിച്ചത്.
കേസില്‍ പെണ്‍കുട്ടിയുടെ പിതാവ് കരുമാലൂര്‍ സ്വദേശി അബീസിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. റിമാന്‍ഡിലായിരുന്ന പിതാവിനെ കഴിഞ്ഞദിവസം പൊലീസ് കസ്റ്റഡിയില്‍ വാങ്ങിയിരുന്നു. വധശ്രമത്തിനാണ് അബീസിനെതിരെ പൊലീസ് കേസെടുത്തിരുന്നത്. ഇത് കൊലപാതകക്കേസായി മാറ്റും.
കേസില്‍ തെളിവെടുപ്പ് പൊലീസ് ഇന്നും തുടരും. ഇന്നലെ കുട്ടിയുടെ വീട്, കളനാശിനി വാങ്ങിയ കട, കുട്ടിയെ ആക്രമിക്കാന്‍ ഉപയോഗിച്ച കമ്പിവടി വാങ്ങിയ സ്ഥലം എന്നിവിടങ്ങളിലൊക്കെ പൊലീസ് തെളിവെടുപ്പ് നടത്തിയിരുന്നു. പ്രതി അബീസിനെയും കൊണ്ടുപോയുള്ള തെളിവെടുപ്പ് ഇന്നുണ്ടായേക്കും.

