

തിരുവനന്തപുരം :കോവിഡ് നിയന്ത്രണങ്ങള്‍ക്കിടയിലും അഴിമതിക്കാരായ സര്‍ക്കാര്‍ ഉദ്ദ്യോഗസ്ഥരെ കൈയ്യോടെ പിടി കൂടുന്ന ട്രാപ് കേസ്സുകളുടെ എണ്ണത്തില്‍ സംസ്ഥാന വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോയ്ക്ക് സര്‍വ്വകാല റെക്കോര്‍ഡ് നേട്ടം. ഈ വര്‍ഷം (2021 ജനുവരി മുതല്‍ ഡിസംബര്‍ വരെ) ആകെ 30 കേസ്സുകള്‍ രജിസ്റ്റര്‍ ചെയ്താണ് സംസ്ഥാന വിജിലന്‍സ് ഈ നേട്ടം സ്വന്തമാക്കിയത്.
2018ല്‍ 16 ട്രാപ് കേസ്സുകളും 2019ല്‍ 17 ട്രാപ് കേസ്സുകളും 2020ല്‍ 24 ട്രാപ് കേസ്സുകളുമാണ് മുന്‍ വര്‍ഷങ്ങളില്‍ വിജിലന്‍സ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. സെക്രട്ടറിയേറ്റിലെ പബ്‌ളിക് റിലേഷന്‍ വകുപ്പ് ആഡിയോ വീഡിയോ ഓഫീസര്‍, കേരള വാട്ടര്‍ അതോറിറ്റി ഡിവിഷന്‍ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍, ആരോഗ്യ വകുപ്പിലെ ഡോക്ടര്‍മാര്‍, മലീനീകരണ നിയന്ത്രണ ബോര്‍ഡിലെ എഞ്ചിനീയര്‍, പോലീസ് ഇന്‍സ്‌പെക്ടര്‍, വെററിനറി ഡോക്ടര്‍, ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍, സ്‌പെഷ്യല്‍ തഹസീല്‍ദാര്‍ തുടങ്ങി പ്യൂണ്‍ വരെയുള്ള വിവിധ തസ്തികകളിലുള്‍പ്പെട്ട സര്‍ക്കാര്‍ ഉദ്ദ്യോഗസ്ഥരാണ് ഇക്കൊല്ലം വിജിലന്‍സിന്റെ കെണിയില്‍ പെട്ടത്.
കൈക്കൂലി വാങ്ങിയതുമായി ബന്ധപ്പെട്ട് വിജിലന്‍സ് ഈ വര്‍ഷം റവന്യൂ വകുപ്പിലെ 9 ഉദ്ദ്യോഗസ്ഥരേയും തദ്ദേശ സ്വയംഭരണ വകുപ്പിലെ 8 ഉദ്ദ്യോഗസ്ഥരേയും വനംവകുപ്പിലെ വകുപ്പിലെ 4 ഉദ്ദ്യോഗസ്ഥരേയും പോലീസ് വകുപ്പിലെ 3 ഉദ്ദ്യോഗസ്ഥരെയും ആരോഗ്യ വകുപ്പിലെ 2 ഡോക്ടര്‍മാരെയും മൃഗസംരക്ഷണം, ജലസേചനവകുപ്പ്, മോട്ടോര്‍ വാഹന വകുപ്പ്, സെക്രട്ടറിയേറ്റ്, എക്‌സൈസ്, കൃഷി വകുപ്പ്, മലീനീകരണ നിയന്ത്രണ ബോര്‍ഡ്, പട്ടികജാതി വകുപ്പ് എന്നി വകുപ്പുകളില്‍ നിന്നുള്ള ഓരോ ഉദ്ദ്യോഗസ്ഥരേയും ഉള്‍പ്പെടെ ആകെ 34 ഉദ്ദ്യോഗസ്ഥരെയാണ് കൈയ്യോടെ പിടികൂടി അറസ്റ്റ് ചെയ്തത്. കൂടാതെ സര്‍ക്കാര്‍ ഉദ്ദ്യോഗസ്ഥരുടെ ഏജന്റുമാരായി പ്രവര്‍ത്തിച്ച രണ്ട് സ്വകാര്യ വ്യക്തികളും ഈ വര്‍ഷം വിജിലന്‍സിന്റെ പിടിയിലായിട്ടുണ്ട്.
പട്ടയ ഭൂമിയിലെ മരം മുറിയ്ക്കുന്നതിന് പാസ് അനുവദിക്കുന്നതിനായി ഇടുക്കി ജില്ലയിലെ വട്ടവട വില്ലേജ് ആഫീസര്‍ വാങ്ങിയ ഒരു ലക്ഷം രൂപയാണ് വിജിലന്‍സ് ഈ വര്‍ഷം രജിസ്റ്റര്‍ ചെയ്ത ട്രാപ് കേസ്സുകളില്‍ ഏറ്റവും കൂടിയ കൈക്കൂലി തുക. കരാറുകാരന് ബില്ല് മാറി നല്‍കുന്നതിന് വനംവകുപ്പ് തിരുവനന്തപുരം ഡെപ്യൂട്ടി കണ്‍സര്‍വേറ്റര്‍ ആഫീസിലെ സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ 70,000/ രൂപയാണ് രണ്ടാമത്തെ വലിയ കൈക്കൂലി തുക. 50000/ രൂപ വീതം കൈക്കൂലി വാങ്ങിയ രണ്ട് ഉദ്ദ്യോഗസ്ഥരെയും 25000/ വീതം കൈക്കൂലി വാങ്ങിയ 7 ഉദ്ദ്യോഗസ്ഥരെയും വിജിലന്‍സ് ഈ വര്‍ഷം കൈയ്യോടെ പിടികൂടുകയുണ്ടായി.
ഇക്കൊല്ലം വിജിലന്‍സ് രജിസ്റ്റര്‍ ചെയ്ത 30 ട്രാപ് കേസ്സുകളില്‍ 12 എണ്ണവും വിജിലന്‍സ് കിഴക്കന്‍ മേഖലയുടെ കീഴിലാണ് നടന്നിട്ടുള്ളത്. 7 കേസ്സുകള്‍ വീതം രജിസ്റ്റര്‍ ചെയ്ത വിജിലന്‍സ് തെക്കന്‍ മേഖലയും വടക്കന്‍ മേഖലയും തൊട്ടു പിന്നിലായി നില്‍ക്കുന്നു.

