ആലപ്പുഴ: മണ്ഡലം ഭാരവാഹികളെ പ്രഖ്യാപിക്കാനുള്ള അവസാന സമയം പിന്നിട്ടിട്ടും ഒരു മണ്ഡലത്തിൽ പോലും ഭാരവാഹിയെ പ്രഖ്യാപിക്കാൻ കഴിയാതെ ആലപ്പുഴ ജില്ലാ നേതൃത്വം. ജില്ലയിൽ 148 മണ്ഡലം അധ്യക്ഷൻമാരെയാണ് നിശ്ചയിക്കേണ്ടത്. ഇതിൽ 71 മണ്ഡലം അധ്യക്ഷൻമാരുടെ പട്ടിക ഒരുമാസം മുൻപ് കെ.പി.സി.സിക്ക് നൽകിയിട്ടും ആരെയും പ്രഖ്യാപിച്ചിട്ടില്ല. ഗ്രൂപ്പ് തിരിഞ്ഞ് വീതംവെപ്പിലെ തർക്കമാണ് പ്രഖ്യാപനം വൈകുന്നതെന്നാണ് വ്യക്തമാകുന്നത്.

നിരന്തരം യോഗം ചേർന്നാണ് ജില്ലാ പുനഃസംഘടനാ സമിതി 71 മണ്ഡലം അധ്യക്ഷൻമാരെ കണ്ടെത്തിയത്. എന്നാൽ ഈ പട്ടികയിൽ പ്രശ്നമുണ്ടെന്നും അർഹരായവരെ തഴഞ്ഞു എന്നും കാട്ടി ഗ്രൂപ്പ് തിരിഞ്ഞുള്ള കത്തുകൾ കെ.പി.സി.സിക്ക് ലഭിച്ചതോടെയാണ് തയ്യാറാക്കിയ പട്ടികയും വഴിയിലായത്. ജില്ലാ പുനഃസംഘടനാ സമിതിയിൽ തന്നെ ചേരിതിരിഞ്ഞ് തർക്കം ഉടലെടുത്തതോടെ കെ.പി.സി.സി പെട്ടു. എ ഗ്രൂപ്പിനെ കാര്യമായി തഴഞ്ഞ് കെസി വേണുഗോപാൽ വിഭാഗവും ഐ വിഭാഗവും മേൽക്കൈ നേടുന്നു എന്നാണ് പ്രധാന പരാതി.എന്നാൽ പഴയ മാനദണ്ഡങ്ങൾ വച്ചുള്ള വീതംവെപ്പ് അനുവദിക്കാനാവില്ലെന്നാണ് കെ.സി വിഭാഗത്തിന്‍റെ വാദം. പ്രശ്നം വേഗത്തിൽ പരിഹരിക്കാനുള്ള ശ്രമം തുടരുകയാണ്.
അഞ്ചുമാസത്തിലധികം സമയമെടുത്താണ് ജില്ലാ പുനഃസംഘടനാ സമിതി 71 മണ്ഡലങ്ങളുടെ പട്ടിക തയ്യാറാക്കി നൽകിയത്. ഈ പട്ടിക അപ്പാടെ തർക്കതിതലായതോടെ ബാക്കിയുള്ള 77 മണ്ഡലം അധ്യക്ഷൻമാരുടെ നിയമനം തലവേദനയാകുമെന്നുറപ്പാണ്.

