
ചാരുംമൂട് (ആലപ്പുഴ): കിണറ്റിൽ വീണ ആടിനെ രക്ഷിക്കാനിറങ്ങുന്നതിനിടെ കയർ പൊട്ടി വെള്ളത്തിൽ വീണ യുവാവ് അമ്മയുടെ കൺമുന്നിൽ മുങ്ങിമരിച്ചു.നൂറനാട് മാമ്മൂട് പാറമടയ്ക്ക് സമീപം ചൊടലമുക്ക് ഗിരീഷ് ഭവനത്തിൽ അനൂപാണ് (22) മരിച്ചത്.ഇന്നലെ (ഞായറാഴ്ച) വൈകുന്നേരം അഞ്ചോടെയായിരുന്നു അപകടം.
കപ്പിയിലുണ്ടായിരുന്ന കയറിലൂടെ തൂങ്ങിയിറങ്ങുമ്പോൾ കയർ പൊട്ടി കിണറ്റിലേക്ക് വീഴുകയായിരുന്നു. മാതാവ് ഗീതയുടെ നിലവിളികേട്ടെത്തിയ നാട്ടുകാർ അനൂപിനെ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വിവരമറിഞ്ഞ് അടൂരിൽ നിന്ന് അഗ്നിശമന സേനയും എത്തിയിരുന്നു.
ഡിഗ്രി പഠന ശേഷം പി.എസ്.സി റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട ഉദ്യോഗാർത്ഥിയായിരുന്നു അനൂപ് പിതാവ്: അനിൽ.സഹോദരി: അഞ്ചു.ഇന്ന് പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം വിട്ടുനൽകും.

